തൊടുപുഴ: വണ്ണപ്പുറം ടൗണിൽ ഫർണിച്ചർ കടയും നിർമാണശാലയും കത്തി നശിച്ചു. വണ്ണപ്പുറം എസ്.എൻ.എം ഹൈസ്‌കൂളിന് എതിർവശത്ത് പ്രവർത്തിക്കുന്ന ചക്കാലക്കൽ അബ്ബാസ് മീരാന്റെ ഫർണിച്ചർ മാർട്ടിന്റെ വർക്ക് ഷോപ്പിലും അതിനു മുന്നിലായുള്ള കടയിലുമായാണ് ഇന്നലെ പുലർച്ചെ തീപിടുത്തം ഉണ്ടായത്. തീ പടർന്നതോടെ നാട്ടുകാർ തൊടുപുഴ ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. തൊടുപുഴയിൽ നിന്നുള്ള അഗ്‌നി രക്ഷാ സേനയുടെ രണ്ടു യൂണിറ്റെത്തി നാല് ടാങ്ക് വെള്ളം പമ്പ് ചെയ്ത് തീ പൂർണമായി അണച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷമായിരുന്നു രക്ഷാപ്രവർത്തനം.
നിർമാണശാലയിൽ ഉണ്ടായിരുന്ന മര ഉരുപ്പടികളും കടയിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളും കെട്ടിടത്തിലെ സീലിംഗും ഉൾപ്പെടെ കത്തി നശിച്ചു.എട്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നി രക്ഷാ സേനയുടെ ഇടപെടൽ മൂലം സമീപത്തുണ്ടായിരുന്ന മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.എച്ച്.അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഇ. അലിയാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർമാരായ വി.കെ.മനു, വിജിൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ടി.പി.ഷാജി,ബിപിൻ തങ്കപ്പൻ, എബി , മുബാറക്ക്, ടി.കെ.വിവേക്, അഭിലാഷ്, ഹോംഗാർഡ് മാത്യു ജോസഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.