തൊടുപുഴ : ഇടുക്കി ജില്ലാ ആശുപത്രിയിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്നത് എത്രയും വേഗം തടയണമെന്നും ആശുപത്രിയെ രോഗത്തിന്റെ പ്രഭവ കേന്ദ്രമാക്കരുതെന്നുംമനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്നും അതുവരെ മറ്റേതെങ്കിലും മാർഗ്ഗം സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രിയിലെ സെപ്ടിക്ക് ടാങ്ക് പൊട്ടിയൊഴുകി മലിനജലം ആറ്റിലെത്തുന്നുവെന്നും ഈ ജലം ജല അതോറിറ്റി വിതരണം ചെയ്യുകയാണെന്നുമുള്ള പരാതിയിലാണ് നടപടി. ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. തങ്ങൾ നടത്തിയ പരിശോധനയിൽ ഇക്കാര്യം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. തകരാർ കാരണം നിർത്തിവച്ച സ്‌കാനിംഗ് മെഷീന്റെ പ്രവർത്തനം പുനരാരംഭിച്ചതായി റിപ്പോർട്ടിലുണ്ട്. മലിനജലം പുറത്തേക്ക് ഒഴുകുന്നത് തടയാൻ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ 1,70,36,000 രൂപ വിലയിരുത്തിയിട്ടുണ്ട്. എന്നാൽ ജില്ലാ പഞ്ചായത്തിന്റെ ടെണ്ടർ ആരും ഏറ്റെടുത്തില്ല. റീ ടെണ്ടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതുവരെ താത്ക്കാലിക സംവിധാനം ഏർപ്പെടുത്താൻ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജനറൽ ആശുപത്രിയായി ഉയർത്തി വികസനത്തിനുള്ള ഫണ്ട് അനുവദിക്കണമെന്ന് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും ജില്ലാപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആശുപത്രികൾ രോഗശമന കേന്ദ്രങ്ങളാകണമെന്നും രോഗവ്യാപന കേന്ദ്രങ്ങളാകരുതെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. മാരകരോഗങ്ങൾ പടർന്നു പിടിക്കുന്ന കാലത്ത് രോഗശമനത്തിന് സഹായകരമാകും വിധത്തിൽ ആശുപത്രികൾ പ്രവർത്തിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആശുപത്രി മാനേജ്‌മെന്റ് സമിതി അംഗം വി എസ് അബ്ബാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.