കട്ടപ്പന : നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന പാറക്കടവ് തോട്ടിലേയ്ക്ക് പെയ്ന്റ് ഒഴുകിയ കാർ വാഷ് സ്ഥാപനത്തിൽ നിന്നും പിഴയീടാക്കി.പാറക്കടവിൽ പുളിയൻമല റൂട്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കട്ടപ്പനയാറിന്റെ പ്രധാന കൈത്തോടുകളിൽ ഒന്നായ ചെറു തോട്ടിലേയ്ക്ക് വിഷ പദാർത്ഥം അടങ്ങിയിട്ടുള്ള എമൾഷൻ ഒഴുക്കിയത്.പെയ്ന്റ് മറിഞ്ഞു വീണതിനെ തുടർന്ന് ഒരു വാഹനം കഴുകാനായി ഇവിടെ എത്തിച്ചിരുന്നു. ഇത് കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് ദ്രാവകം തോട്ടിലേയ്ക്ക് ഒഴുകിയത്.വെളുത്ത നിറത്തിൽ തോട്ടിൽ നിറയെ ദ്രാവകം കലർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ ബന്ധപ്പെട്ടവരെ വിളിച്ചറിയിച്ചു. ഇതേ തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് കാർ വാഷ് സ്ഥാപനത്തിൽ നിന്നുമാണ് ദ്രാവകം ഒഴുക്കിയതെന്ന് കണ്ടെത്തിയത്.ഇതിനോടകം നഗരസഭാ ആരോഗ്യ വിഭാഗം അധികൃതരും സ്ഥലത്തെത്തിയിരുന്നു.തുടർന്ന് പെയ്ന്റ് ഒഴുക്കിയ സംഭവത്തിൽ കാറുടമയേയും കാർ വാഷ് സ്ഥാപന ഉടമയേയും നഗരസഭയിൽ വിളിച്ചു വരുത്തി 5000 രൂപ പിഴയീടാക്കുകയും ചെയ്തു.വാഹനങ്ങൾ കഴുകുന്ന വെള്ളം തോട്ടിലേയ്ക്ക് ഒഴുക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ താക്കിത് നൽകി.

മാസങ്ങൾക്ക് മുൻപ്ഹിൽടോപ്പിലെ ഫാമുടമ തോട്ടിലൂടെ അറവ് മാലിന്യം ഒഴുക്കിവിട്ടതായി നാട്ടുകാർ ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് തോട്ടിൽ വിഷമയമുള്ള പെയ്ന്റും ഇപ്പോൾ കലർന്ന സാഹചര്യമുണ്ടായത്.