കട്ടപ്പന: മുന്നണി ധാരണ പ്രകാരമുള്ള കാലാവധി പൂർത്തിയാക്കിയതോടെ കട്ടപ്പന നഗരസഭാ അദ്ധ്യക്ഷ പദവി ബീനാ ജോബി നാളെ രാജി വയ്ക്കും .ചൊവ്വാഴ്ച്ചയാണ് ചെയർപേഴ്സൺ നിശ്ചിത കാലാവധി പൂർത്തിയാക്കിയത്.എന്നാൽ എന്ന് രാജി സമർപ്പിക്കുമെന്നതിനെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല എന്നായിരുന്നു ബീനയുടെ മറുപടി.അതേ സമയം പാർട്ടി എപ്പോൾ ആവശ്യപ്പെട്ടാലും അതിന് ഒരു മണിക്കൂറിനുള്ളിൽ രാജി വയ്ക്കും എന്നും അവർ വിശദീകരിച്ചിരുന്നു.എന്നാൽ വികസന സെമിനാർ നടത്തിയതിന് പിന്നാലെ തിങ്കളാഴ്ച്ച വൈകിട്ടാണ് ജൂൺ 30 ന് സ്ഥാനമൊഴിയാൻ ബീന സ്വയം തീരുമാനിച്ചത്.അക്കാര്യം ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനെ വിളിച്ചറിയിക്കുകയും ചെയ്തതായി ബീനാ ജോബി പറഞ്ഞു.വ്യാഴാഴ്ച്ച 11 മണിക്ക് നഗരസഭാ സെക്രട്ടറിയ്ക്ക് രാജി കത്ത് കൈമാറും.ഭരണ കാലയളവിൽ 3 വർഷം ഐ വിഭാഗത്തിനും 2 വർഷം എ വിഭാഗത്തിനും അദ്ധ്യക്ഷ സ്ഥാനം നൽകാനാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്.ധാരണയെ തുടർന്ന് ഐ വിഭാഗത്തിന് ആദ്യത്തെ 3 വർഷമാണ് ലഭിച്ചത്. അതിൽ ഒന്നര വർഷം വീതം 2 വനിതകൾക്കായി വീതിച്ചു നൽകാനും തീരുമാനമെടുത്തിരുന്നു. ഇതേ തുടർന്നാണ് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ ആദ്യ ടേമിലേക്ക് ബീന ജോബിയെ പരിഗണിച്ചത്. അടുത്ത ഒന്നര വർഷക്കാലയളവ് ഷൈനി സണ്ണിയാകും അദ്ധ്യക്ഷ സ്ഥാനം വഹിക്കുക എന്നാണ് സൂചന.അവസാന 2 വർഷം എ ഗ്രൂപ്പിലെ ബീന ടോമിയും ചെയർപേഴ്സണാകാനാണ് സാദ്ധ്യത.