
മുട്ടം: നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് തെന്നിമാറി തേക്ക് മരത്തിൽ ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നു. ഇന്നലെ വൈകുന്നേരം 3 ന് ശങ്കരപ്പിള്ളി ജങ്ഷന് സമീപമാണ് അപകടം .കാറിന് സാരമായ കേടുപാട് സംഭവിച്ചു. ഉപ്പുതറ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.ആർക്കും പരിക്കില്ല.മുട്ടം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.ക്രെയിൻ ഉപയോഗിച്ച് കാർ നീക്കം ചെയ്തു.മുട്ടം - കുളമാവ് റോഡ് അടുത്ത നാളിൽ നവീകരിച്ചതിന് ശേഷം റോഡപകടങ്ങൾ വർദ്ധിക്കുന്നതായി വ്യാപകമായ പരാതികൾ ഉയരുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.ചെറുതും വലുതുമായ 15 ൽ പരം വാഹനാപകടങ്ങളാണ് മുട്ടം-കുളമാവ് റൂട്ടിൽ അടുത്ത നാളിൽ സംഭവിച്ചത്.റോഡ് നവീകരിച്ചപ്പോൾ മിനുസം കൂടിയതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് ഡ്രൈവർമാർ പറയുന്നു.ബ്രേക്ക് പിടിക്കുമ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത വിധം വാഹനങ്ങൾ റോഡിലൂടെ തെന്നി മാറുകയാണ്.മഴയുള്ളപ്പോഴും വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു.