നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിലെ പഞ്ചായത്തുകളിൽ തക്കാളിപ്പനി വ്യാപകം. കല്ലാർ ഗവ.എൽ.പി.സ്‌കൂളിലെ 20 കുട്ടികൾക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് രോഗപ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു.
കല്ലാർ ഗവ. എൽ.പി.സ്‌കൂളിലെ എൽ.കെ.ജി., യു.കെ.ജി. വിഭാഗത്തിലെ ചില ക്ലാസുകളിലെ കുട്ടികൾക്ക് പനിയും ശരീരത്തിൽ ചൊറിച്ചിലും അനുഭവപ്പെടുന്നതായി പ്രഥമാദ്ധ്യാപിക കല്ലാർ പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരുടെ സംഘം സ്‌കൂളിലെത്തി കുട്ടികളെ പരിശോധിച്ചിരുന്നു. ഇതിൽ എൽ.കെ.ജി. വിഭാഗത്തിലെ 14 കുട്ടികൾക്കും, യു.കെ.ജി. വിഭാഗത്തിലെആറ് കുട്ടികൾക്കും തക്കാളിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
രോഗം ബാധിച്ച കുട്ടികളിൽ 11 പേർ നെടുങ്കണ്ടം പഞ്ചായത്ത് പരിധിയിലും, ആറുപേർ പാമ്പാടുംപാറ പഞ്ചായത്തിലെയും മൂന്ന് പേർ കരുണാപുരം പഞ്ചയാത്തിലേയും താമസക്കാരാണ്. കുട്ടികൾക്ക് തക്കാളിപ്പനി സ്ഥിരീകരി വിവരം മാതാപിതാക്കളെ ആരോഗ്യ പ്രവർത്തകർ അറിയിച്ചു. തുടർന്ന് കുട്ടികളെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് മരുന്ന് നൽകുകയും ചെയ്തു. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു
മൂന്ന് ദിവസം ക്ളാസ് നിർത്തിവെക്കും
രോഗികളായ കുട്ടികൾ പഠിച്ചിരുന്ന മൂന്ന് ഡിവിഷനുകളുടെക്ളാസ് മൂന്ന് ദിവസത്തേക്ക് നിർത്തി വക്കാൻ ആരോഗ്യ വകുപ്പ് പ്രഥമാധ്യാപികക്ക് രേഖാമൂലം നിർദ്ദേശം നൽകി. തക്കാളിപ്പനിവ്യാപിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ ഓഫീസർ ഡി.എം.ഒ.ക്ക് കത്ത് നൽകി.