തൊടുപുഴ : സംരക്ഷിത വന മേഖലയുടെ ഒരു കിലോ മീറ്റർ ചുറ്റളവ് പാരിസ്ഥിതിക ലോല മേഖലയാക്കി മാറ്റണമെന്ന സുപ്രിം കോടതിയുടെ വിധി പുനപരിശോധിക്കണമെന്നും, ജില്ലയിലെ നർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക , ജില്ലയിലെ ഭൂവിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കട്ടപ്പനയിൽ ധർണ്ണ സംഘടിപ്പിക്കും. ധർണ്ണ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.ബഫർ സോൺ പരിധി ഒരു കിലോമീറ്ററായാൽ കൃഷി ഉപജീവനമാക്കിയവരും അവരുടെ കുടുംബങ്ങളും വഴിയാധാരമായി മാറുന്ന സ്ഥിതിയാണ് ഇടുക്കിയിലുള്ളത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ബഫർ സോൺ വനത്തിലുള്ളിലായി മാത്രം നിജപ്പെടുത്താൻ അധികാരികൾ തയ്യാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കേരളത്തിന്റെ പരിസ്ഥിതിയും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുക തന്നെ വേണം. ഇതിന്റെ പേരിൽ നൂറ്റാണ്ടുകളായി കൃഷി ഉപജീവനമാക്കിയ ജനതയെ തെരുവിലേക്ക് വലിച്ചെറിയരുതെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എച്ച് സുധീർ, ജനറൽ സെക്രട്ടറി നിസാർ പഴേരി, ട്രഷറർ കെ എസ് കലാം എന്നിവർ പറഞ്ഞു.