കട്ടപ്പന : നഗരസഭ അദ്ധ്യക്ഷ ബീന ജോബി ഇന്ന് രാജി വയ്ക്കില്ല. ഡി സി സി നിർദ്ദേശം ലഭിക്കാതെ രാജി വയ്‌ക്കേണ്ടന്ന് പ്രസിഡന്റ് സി പി മാത്യു അറിയിച്ചതോടെയാണ് തീരുമാനം മാറിയത്. കാലാവധി പൂർത്തിയായ സാഹചര്യത്തിൽ രാജി വയ്ക്കുവാൻ സന്നദ്ധമാണെന്ന് ബീനാ ജോബി നേതൃത്വത്തെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് നേതൃത്വം പറഞ്ഞ ശേഷം രാജി വച്ചാൽ മതിയെന്ന് ഡി സി സി പ്രസിഡന്റ് ബുധനാഴ്ച്ച ഫോണിൽ വിളിച്ച് അറിയിച്ചത്.ഇന്ന് രാവിലെ 11 മണിക്ക് അദ്ധ്യക്ഷസ്ഥാനം രാജി വയ്ക്കുമെന്നായിരുന്നു ബീനാ ജോബി മുൻപ് അറിയിച്ചത്.ജില്ലാ നേതൃത്വം ആവശ്യപ്പെടുമ്പോൾ മാത്രം സ്ഥാനം ഒഴിഞ്ഞാൽ മതിയെന്നാണ് സി.പി മാത്യു തന്നെ അറിയിച്ചിരിക്കുന്നത്.ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമാണെന്നും അദ്ധ്യക്ഷ വ്യക്തമാക്കി.പാർട്ടി എപ്പോൾ ആവശ്യപ്പെടുന്നോ അപ്പോൾ രാജി വയ്ക്കും. ഇപ്പോൾ രാജി വയ്‌ക്കേണ്ടെന്ന നിർദ്ദേശത്തിന് പിന്നിലെ കാരണം തനിക്ക് വ്യക്തമല്ലെന്നും ചെയർപേഴ്‌സൺ കൂട്ടിച്ചേർത്തു. കഴിഞ്ഞ 28നാണ് മുന്നണി ധാരണ പ്രകാരമുള്ള കാലാവധി ബീനാ ജോബി പൂർത്തിയാക്കിയത്. ഇതേ തുടർന്നാണ് അവർ രാജി സന്നദ്ധത അറിയിച്ചത്. ഡി സി സി പ്രസിഡന്റിന്റെ അപ്രതീക്ഷിത നീക്കത്തിൽ വിമതപക്ഷവും ഞെട്ടലിലാണ്.ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെ മറികടക്കാൻ ഇവർ രഹസ്യ യോഗം ചേർന്നതായും വിവരമുണ്ട്.