പീരുമേട് : സഞ്ചാരയോഗ്യമായ റോഡില്ല, രോഗിയായ എഴുപത്തിയേഴുകാരനെ നാട്ടുകാർ ചുമന്ന് മെയിൻറോഡിലെത്തിച്ചു.. പഞ്ചായത്തിലെ അഞ്ചാം വാർഡായലാഡ്രം സുഗന്ധഗിരി വെള്ളാത്തുവയലിൽ വി ആർ.മോഹനനെയാണ് കസേരയിലിരുത്തി ചുമന്ന്കൊണ്ട്പോയത്. പ്രമേഹരോഗത്തെ തുടർന്ന് ഒരു കാലിലെ വിരലുകൾ മുഴുവൻ മുറിച്ചു നീക്കിയിരുന്നു. രോഗം മറുകാലിലെ വിരലുകളിലേക്കും ബാധിച്ചു. കല്ലും മണ്ണും നിറഞ്ഞ ഒററയടി പാതയിലൂടെ സഞ്ചരിക്കാനാവാതെ ആശുപത്രിയിൽ പോകാൻ സാധിക്കാതെ വന്നപ്പോഴാണ് അയൽവാസികളായ യുവാക്കൾ സഹായത്തിനെത്തിയത്. പ്ലാസ്റ്റിക്ക് കസേരയിൽ കമ്പു കെട്ടി നാല് പേർ ചേർന്ന് ചുമന്നാണ് മോഹനനെ റോഡിലെത്തിച്ചത്. പിന്നീട് കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മ്ലാമല ഫാക്രി പടിയിൽ നിന്ന് രണ്ടര കിലോമീറ്റർ പിന്നിട്ടാൽ പീരുമേട് അഞ്ചാം വാർഡിന്റെ ആരംഭമായ സുഗന്ധഗിരി റോഡ് തുടങ്ങും. ഇവിടെ നിന്ന് ഒന്നര കിലോമീറ്റാർ വരെ വാഹനം എത്തും. ഏകദേശം 300 മീറ്റർ മാറിയാണ് മോഹനന്റെ വീട് . മോഹനന്റെ രോഗിയായ ഭാര്യ അഗതിമന്ദിരത്തിലാണ്. ഇവർക്ക് മക്കളില്ല. മോഹനന്റെ വീടിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെഭൂമിയുള്ളതാണ് റോഡ് നിർമാണത്തിന് തടസമെന്ന് പഞ്ചായത്തംഗം വെണ്ണില പറഞ്ഞു. എങ്കിലും ഈ റോഡ് നിർമാണത്തിനു വേണ്ടി തുക നീക്കിവച്ചതായും അംഗം അറിയിച്ചു.