തൊടുപുഴ: ആരോഗ്യ വകുപ്പിന്റെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ശനിയാഴ്ച്ച ബ്ലോക്ക് തല ആരോഗ്യമേള നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും സർക്കാർ സേവനങ്ങൾ ഫലപ്രദമായി പൊതുജനങ്ങളിലെത്തിക്കുകയുമാണ് മേളയുടെ ലക്ഷ്യം. ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വെൽനെസ് സെന്ററുകളുടെ പ്രവർത്തനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി, ഗ്രാമീണ ജനതയുടെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. അലോപ്പതി, ആയുർവേദ, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളുടെയും എക്‌സൈസ്, ഫയർഫോഴ്‌സ്, സാമൂഹ്യനീതി വകുപ്പ്,​ കുടുംബശ്രീ, ഫുഡ് സേഫ്‌റ്റി, കൃഷി, മൃഗസംരക്ഷണം, പട്ടികജാതി പട്ടികവർഗ്ഗ വികസനം, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിവിധ ഏജൻസികളുടെ സേവനങ്ങളും ബോധവത്കരണ പരിപാടികളും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പ്, രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്, നേത്ര പരിശോധനാ ക്യാമ്പ്, ഡെന്റൽ ക്യാമ്പ്, കാൻസർ നിർണ്ണയ ക്യാമ്പ് എന്നീ സേവനങ്ങൾ മേളയിൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഇതോടൊപ്പം വിവിധ ആരോഗ്യ ബോധവത്കരണ സ്റ്റാളുകൾ, സെമിനാറുകൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മേളയിൽ എത്തുന്നവരുടെ മാനസിക ഉല്ലാസത്തിനു വേണ്ടി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടിന് രാവിലെ ഒമ്പതിന് ആരോഗ്യ സന്ദേശറാലിയോടു കൂടി മേള ആരംഭിക്കും. റാലി കരിങ്കുന്നം സി.ഐ പ്രിൻസ് ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഷീബാ ജോർജ് മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസ് ആരോഗ്യ സന്ദേശം നൽകും. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ. അനൂപ് വിഷയാവതരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് സ്വാഗതവും തൊടുപുഴ ബി.ഡി.ഒ വി.ജി. ജയൻ നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ മാർട്ടിൻ ജോസഫ്, ലാലി ജോയി, ആരോഗ്യവകുപ്പ് മാസ് മീഡിയ ഡെപ്യൂട്ടി ഓഫീസർ ജോസ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.