തൊടുപുഴ: ന്യൂജൻ ബൈക്കുകളിലെ യുവാക്കളുടെയും കൗമാരക്കാരുടെയും മരണപാച്ചിൽ നിരത്തുകളെ രക്തക്കളമാക്കുന്നു. ബുധനാഴ്ച രാത്രി 11.15ന് പെരുമ്പിള്ളിച്ചിറയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. തൊടുപുഴ എ.പി.ജെ അബ്ദുൾകലാം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അർജുൻ സുനിലാണ് (17) മരിച്ചത്. രണ്ടര വർഷത്തിനുള്ളിൽ മൂന്ന് പേരാണ് ഇതേ പ്രദേശത്ത് അപകടത്തിൽപ്പെട്ട് മരിച്ചത്. 2020ൽ ബുധനാഴ്ച അപകടമുണ്ടായ സ്ഥലത്ത് നിന്ന് 50 മീറ്രർ അകലെ ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് അൽ- അസ്ഹർ കോളേജിലെ വിദ്യാർത്ഥി മരിച്ചിരുന്നു. കഴിഞ്ഞ നവംബർ 16നും ഇവിടെ തന്നെ നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ചു കയറി അൽ- അസ്ഹർ കോളേജിലെ എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. നവംബർ 15ന് രാത്രി ബൈക്കും കാറും കൂട്ടിയിടിച്ച് മറ്റൊരു യുവാവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടം തുടർക്കഥയായതിനെ തുടർന്ന് അന്ന് നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംയുക്തമായി ജനജാഗ്രത സമിതി രൂപീകരിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, എക്‌സൈസ്, ജനപ്രതിനിധികൾ, നാട്ടുകാർ, കോളേജ് മാനേജ്‌മെന്റ്, കോളേജ് യൂണിയൻ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. എന്നാൽ സമിതിയുടെ ആദ്യത്തെ ഒരു യോഗം ചേർന്നതല്ലാതെ പിന്നീട് ഒരു പ്രവർത്തനവുമുണ്ടായില്ല. അപകടം തടയാനായി യോഗത്തിലെടുത്ത തീരുമാനങ്ങളൊന്നും നടപ്പിലായുമില്ല. അപകടമരണമുണ്ടായ ആദ്യ രണ്ട് ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി ചിലർക്കെതിരെ നടപടിയെടുത്തെങ്കിലും പിന്നീട് അതും നിശ്ചലമായി. അൽ- അസ്ഹർ കോളേജിന് സമീപം മോട്ടോർ വാഹന വകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. തൊടുപുഴ പെരുമ്പിള്ളിച്ചിറ റോഡിൽ ന്യൂജൻ ബൈക്കുകളിൽ വിദ്യാർത്ഥികളുടെ മത്സരയോട്ടവും അമിത വേഗവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനു പുറമെ തൊടുപുഴ- മൂലമറ്റം റോഡ്, വെങ്ങല്ലൂർ- മങ്ങാട്ടുകവല നാലുവരി പാത, കോലാനി ബൈപ്പാസ് എന്നീ റൂട്ടുകളിലും വിദ്യാർത്ഥികൾ ബൈക്കുകളിൽ പായുന്നത് അമിത വേഗത്തിലാണ്. ബൈക്കുകളുടെ അമിത വേഗം മൂലം നടന്നു പോകാനോ റോഡ് മുറിച്ച് കടക്കാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. ബൈക്കുകളിൽ രൂപ മാറ്റം വരുത്തിയും ശബ്ദമേറിയ സൈലൻസറുകൾ ഘടിപ്പിച്ചുമാണ് വിദ്യാർത്ഥികളുടെ ചീറിപ്പായൽ. ബൈക്കുകളുടെ അമിത വേഗം മറ്റു വാഹനങ്ങൾക്കും ഭീഷണിയുയർത്തുന്നുണ്ട്.
വഴിക്കണ്ണിന് വഴിതെറ്റി
നേരത്തെ മോട്ടോർ വാഹനവകുപ്പിന്റെ വഴിക്കണ്ണ് പദ്ധതിയിലൂടെ അമിതവേഗത്തിനെതിരെ ബോധവത്കരണവും മറ്റും നടത്തിയിരുന്നെങ്കിലും ഇതും ഇപ്പോൾ നിലച്ചു. അപകടങ്ങളുണ്ടാകുമ്പോൾ ഏതാനും ദിവസത്തേയ്ക്ക് വാഹന പരിശോധന ശക്തമാക്കുന്നതാണ് പതിവു രീതി. പലപ്പോഴും പരിശോധന നടത്തി പെറ്റി കേസുകൾ ചാർജ് ചെയ്യുക മാത്രമാണുണ്ടാകുന്നത്.
പ്രഹസനമായി ഓപ്പറേഷൻ റേസ്
ഓപ്പറേഷൻ റേസെന്ന പേരിൽ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ ഇരുചക്ര വാഹന പരിശോധന നടക്കുന്നുണ്ടെങ്കിലും മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരാഴ്ചയ്ക്കിടെ 127 വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ ഹെൽമറ്റ് ധരിക്കാത്തതിന് 27 പേർക്കെതിരെയും ലൈസൻസിൻസില്ലാത്തതിന് 12 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അപകടകരമായി വാഹനമോടിച്ചതിന് എട്ട് പേർക്കെതിരെയും സിഗ്നൽ തെറ്റിച്ചതിനും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും ആറ് പേർക്കെതിരെയും കേസെടുത്തു. മൂന്ന് പേരുമായി ബൈക്കോടിച്ച നാല് പേർക്കെതിരെയും കേസെടുത്തു.
'തിരക്കേറിയ പ്രധാന ജംഗ്ഷനുകളിലൂടെയടക്കം വളരെ വേഗതയിലാണ് ബൈക്കുകൾ ചീറിപായുന്നത്. പെരുമ്പിള്ളിച്ചിറയിൽ മൂന്നിടങ്ങളിൽ ഹമ്പ് സ്ഥാപിച്ചാൽ ഒരു പരിധി വരെ വേഗത കുറയ്ക്കാനാകും. അൽ- അസ്ഹർ കോളേജിന് അപ്പുറവും ഇപ്പുറവും ഓരോന്നും പെരുമ്പിള്ളിച്ചിറ ജംഗ്ഷനിൽ ഒരെണ്ണവും സ്ഥാപിക്കണം."
ലൈല കരിം (പഞ്ചായത്ത് മെമ്പർ)