ഇന്ന് മുതൽ തദ്ദേശസ്ഥാപനങ്ങളിൽ കർശന പരിശോധന
തൊടുപുഴ: ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ നിരോധനം നിലവിൽ വന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തും. ഇവയുടെ വിൽപന, സൂക്ഷിക്കൽ, വിതരണം, കയറ്റുമതി എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്. അതിർത്തികളിലടക്കം പരിശോധനയ്ക്ക് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കുള്ള നിരോധനം കഴിഞ്ഞ വർഷം സെപ്തംബർ 30നും 120 മൈക്രോണിന് താഴെയുള്ള കാരി ബാഗുകൾക്കുള്ള നിരോധനം ഡിസംബർ 31നും നിലവിൽ വന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധിക്കുന്നത്. ഉത്തരവുകളും നിർദേശങ്ങളും പൊതു ജനങ്ങളും വ്യാപാരികളും കർശനമായി പാലിക്കണമെന്നും നിയമം ലംഘനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സീകരിക്കുന്നതാണെന്നും തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിനും പ്ലാസ്റ്റിക്കിന് സമാന്തരമായി ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾക്ക് പ്രോത്സാഹനം നൽകുന്നതിനും നഗരസഭയിലെ മുഴുവൻ വ്യാപാരികളും സഹകരിക്കണമെന്ന് കട്ടപ്പന നഗരസഭാ സെക്രട്ടറി അറിയിച്ചു. പരിശോധന വേളയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെത്തിയാൽ മുനിസിപ്പൽ ആക്ട് പ്രകാരമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. എന്നാൽ നിരോധനം നടപ്പാക്കാനുള്ള നടപടികൾ എത്രകണ്ടു ശക്തമാകുമെന്ന് കണ്ടറിയണം. രണ്ടു വർഷം മുമ്പ് സംസ്ഥാനത്ത് നിരോധനം നടപ്പാക്കിയെങ്കിലും കൊവിഡ് സമയത്ത് പരിശോധന പൂർണമായും നിലച്ചപ്പോൾ വിലക്കിയ ഉത്പന്നങ്ങൾ വിപണിയിൽ സജീവമായി. ആദ്യമൊക്കെ പരിശോധനയുണ്ടാകുമെങ്കിലും പിന്നീട് എല്ലാം വഴിപാടാകുന്നതാണ് പതിവ്.
നിരോധനം ഇവയ്ക്ക്
പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ, കപ്പുകൾ, സ്ട്രോകൾ, സ്പൂണുകൾ, ഷീറ്റുകൾ, കൊടിതോരണങ്ങൾ, ബ്രാൻഡ് ചെയ്യാത്ത ജൂസ് പാക്കറ്റുകൾ, പി.വി.സി. ഫ്ളക്സുകൾ, അരലിറ്ററിൽ താഴെയുള്ള വെള്ളകുപ്പികൾ, തെർമോകോൾ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ, നോൺവൂമർ പോളി പ്രൊപ്പലിൻ ക്യാരിബാഗുകൾ
പിഴ 10,000 മുതൽ 50,000 വരെ
നിരോധനം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ 10,000 രൂപ പിഴയും തുടർന്നുള്ള ലംഘനങ്ങൾക്ക് 26000, 50000 രൂപയും തുടർന്ന് സ്ഥാപനം അടച്ച് പൂട്ടുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും.