ഇടുക്കി : ജില്ലയിൽ രണ്ട് പഞ്ചായത്ത് വാർഡുകളിൽ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കും.വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 (അച്ചൻകാനം), രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (കുംഭപ്പാറ), എന്നീ രണ്ട് വാർഡുകളിലാണ് ഉപ തിരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്.. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 2. നാമനിർദ്ദേശ പത്രികകളുടെ സൂഷ്മപരിശോധനജൂലായ് 4 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 6 ആണ്. വോട്ടെണ്ണെൽ 22 ന് രാവിലെ 10ന് ആരംഭിക്കും.

വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ലെ വോട്ടെണ്ണൽ കട്ടപ്പന സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ വച്ചും, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാർഡ് 2 ലെ വോട്ടെണ്ണൽ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്‌കൂളിലുംനടക്കും.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ കെട്ടിവെക്കേണ്ട തുക വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലേയ്ക്ക് ഒരു സ്ഥാനർത്ഥി കെട്ടിവയ്‌ക്കേണ്ട തുക 2000 രൂപയും, ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 25000/ രൂപയുമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപെട്ട സ്ഥാനാർത്ഥികൾ നിശ്ചയിച്ചിട്ടുള്ള തുകയുടെ അൻപതു ശതമാനം മാത്രം കെട്ടി വച്ചാൽ മതിയാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.