തൊടുപുഴ: ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നൂറു കടന്നു. ഇന്നലെ 113 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം വരെ പത്തിൽ താഴെ മാത്രമായിരുന്ന കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ രണ്ടക്കം കടന്നിരുന്നു. എന്നാൽ പത്തു ദിവസത്തിനിടെ രോഗികളുടെ എണ്ണം രണ്ടിരട്ടിയായി ഉയർന്നു. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ ആരോഗ്യ വകുപ്പ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് കേസുകൾ ക്രമേണ വർദ്ധിക്കുന്നുണ്ടെങ്കിലും കൊവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെയാണ് നിലവിൽ പരിശോധിക്കുന്നത്. വലിയ തോതിൽ പരിശോധന വ്യാപിപ്പിക്കേണ്ട സാഹചര്യം ജില്ലയിലില്ലെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ കൊവിഡ് ഗുരുതരമാകുന്ന കേസുകളൊന്നും അടുത്തിടെയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഭൂരിഭാഗം പേരും മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ ഒന്നും ഇപ്പോൾ പാലിക്കുന്നില്ല. ഇതാണ് കേസുകൾ വർദ്ധിക്കുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. പൊതു ഇടങ്ങളിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കിയെങ്കിലും ഭുരിഭാഗം പേരും പഴയ ജാഗ്രതയോടെ പെരുമാറാത്തതും കൊവിഡ് കേസുകൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.