വെള്ളിയാമറ്റം: വഴിയിൽ കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമയെ തിരികെ ഏല്പിച്ച് വിദ്യാർത്ഥികൾ. വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വോക്കഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ കാതറിൻ മനോജ്‌, അക്സ ജോയ്, സോനാ സോജൻ എന്നിവർക്കാണ് കഴിഞ്ഞ ദിവസം വെള്ളിയാമറ്റം ഭാഗത്തു നിന്ന് പണം അടങ്ങിയ പഴ്‌സ് കളഞ്ഞു കിട്ടിയത്. കുട്ടികൾ പേഴ്‌സ് സ്കൂൾ പ്രിൻസിപ്പൽ പി എസ് ചന്ദ്രബോസിനെ ഏൽപ്പിച്ചു. പ്രിൻസിപ്പൽ കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പഴ്സിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് ഉടമസ്ഥനായ കുടയത്തൂർ സ്വദേശി അശ്വിൻ സജിയെ വിളിച്ചു വരുത്തി തിരികെ നൽകുകയുമായിരുന്നു. വിദ്യാർത്ഥികളെ കാഞ്ഞാർ എച്ച് എസ് ഒ ജിപിൻ തോമസ് അഭിനന്ദിച്ചു. വിദ്യാർഥികളോടൊപ്പം സ്കൂൾ പ്രിൻസിപ്പൽ പി എസ് ചന്ദ്രബോസ്, അദ്ധ്യാപകരായ ത്രേസ്യമ്മ എൻ ഡി , സുബിൻ മാത്യു എന്നിവരും സന്നിഹിതരായിരുന്നു.