
തൊടുപുഴ: നിയന്ത്രണം വിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി അർജുൻ സുനിലാണ് (17) മരിച്ചത്. കെ.എസ്.ഇ.ബി മഞ്ഞള്ളൂർ സെക്ഷനിലെ ജീവനക്കാരൻ കദളിക്കാട് നടുവലേടത്ത് സുനിൽ കുമാറിന്റെ മകനാണ്. സ്‌കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്ത സഹപാഠി അർജുൻ ലാലിനെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാത്രി 11.15ന് പെരുമ്പിള്ളിച്ചിറ ജംഗ്ഷനിലായിരുന്നു അപകടം. പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് ഇന്നലെ രാത്രി ഏഴല്ലൂരിലുള്ള അർജുൻ ലാലിന്റെ വീട്ടിലായിരുന്ന ഇരുവരും ഭക്ഷണം കഴിക്കാനായി തൊടുപുഴയ്ക്കു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ റോഡരികിലെ വീടിന്റെ മതിലിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. അർജുൻ സുനിലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മാതാവ് ഷൈല. സഹോദരി ആര്യ (കദളിക്കാട് വിമല മാതാ എച്ച്.എസ്.എസ് വിദ്യാർത്ഥിനി).