colony
മീത്തേലേ കോമത്ത് ലക്ഷം വീട് കോളനിയിലെ വീട്

പാനൂർ: പാനൂർ നഗരസഭയിലെ 20-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മീത്തലേ കോമത്ത് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് മഴക്കാലമെന്ന് ഓർമ്മിക്കുമ്പോൾ തന്നെ പേടിയാണ്. പന്ത്രണ്ട് കുടുംബങ്ങളുള്ള കോളനിയിൽ എല്ലാ വീടുകളും മേൽക്കൂര ദ്രവിച്ച് ഏതുസമയത്തും നിലംപൊത്താൻ തയ്യാറായി നിൽക്കുകയാണ്.

സ്ഥിരം ജോലിയില്ലാത്തവരാണ് എല്ലാവരും. അധികവും പ്രായമായവരും. വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയാണ് ജീവിതം മുന്നോട്ടുനീക്കാൻ സഹായിക്കുന്നത്. ചെറിയവരാന്തയും അടുക്കളയും കിടപ്പു മുറിയുമുള്ളതാണ് വീടുകളെല്ലാം. വീടുകളുടെ മേൽക്കൂരയുടെ പട്ടികയെല്ലാം ദ്രവിച്ച നിലയിലാണ്. ഇതുമൂലം ഓടുകളെല്ലാം ഇളകി നിൽക്കുകയാണ്.

വാർഡിൽ വീട് റിപ്പയറിംഗിന് നഗരസഭ നൽകിയത് അൻപതിനായിരം രൂപയാണ്. ഇത് ഉപയോഗിച്ച് ഒരാളുടെ വീട് അറ്റകുറ്റപ്പണി നടത്തുകയായിരുന്നുവെന്ന് വാർഡ് കൗൺസിലർ എം.പി. ശ്രീജ പറഞ്ഞു.

കിണറുണ്ട് വെള്ളമില്ല

എല്ലാ കാലത്തും വെള്ളം ലഭിക്കാത്ത ഒരു കിണറാണ് പന്ത്രണ്ടു കുടുംബങ്ങൾക്കും കൂടിയുള്ളത്. കുടിവെള്ള വിതരണത്തിനായുള്ള പൈപ്പ് സംവിധാനവുമില്ല. കിടഞ്ഞി സ്കൂൾ റോഡിൽ നിന്നും 250 മീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന ഈ ലക്ഷംവീട് കോളനിയിലേക്ക് ഒരു റോഡ് പോലുമില്ല. വൃദ്ധരേയും രോഗികളെയും ആശുപത്രിയിലും മറ്റും എത്തിക്കാൻ സ്കൂൾ റോഡ് വരെ ചുമക്കണം. അതേസമയം ഈ കുടുംബങ്ങളിൽ പലർക്കും എ.പി.എൽ കാർഡ് നൽകാൻ അധികൃതർ മടികാട്ടിയില്ല. ഒടുവിൽ വാർഡ് കൗൺസിലർ ഇടപെട്ടാണ് കാർഡ് ബി.പി.എല്ലിലേക്ക് മാറ്റിയത്.

മീത്തലേ കോമത്ത് ലക്ഷം വീട് കോളനിയുടെ ദുരിതാവസ്ഥയ്ക്ക് അധികൃതർ അടിയന്തിരമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോളനി ഏത് സമയത്തും നിലം പതിക്കാനിടയുണ്ട്-എം.പി ശ്രീജ (വാർഡ് കൗൺസിലർ)​

.