പട്ടുവം: മഴ പെയ്തതോടെ ചെളിക്കുളമായി തളിപ്പറമ്പ് മാന്ധംകുണ്ട്. ദേശീയപാത ബൈപ്പാസ് പ്രവൃത്തി നടക്കുന്ന പ്രദേശം മുഴുവൻ ചെളി നിറഞ്ഞിരിക്കുകയാണ്. കീഴാറ്റൂർ, കണികുന്ന് ഭാഗത്തെ റോഡുകളുടെയെല്ലാം സ്ഥിതി ഇതുതന്നെ.
കീഴാറ്റൂർ വയൽ മണ്ണിട്ടുനികത്താൻ സോമേശ്വരം മഞ്ചക്കുഴി കുന്നിടിച്ചു കടത്തുന്ന ചെമ്മണ്ണാണ് മഴപെയ്തതോടെ മാന്ധംകുണ്ട് റോഡിനെ ചെളിയിൽ മുക്കിയത്. പൈപ്പുകളും ക്രെയിനുകളും കയറ്റിവരുന്ന ടോറസ് ലോറികളുടെ ഭാരം താങ്ങാനുള്ള കെൽപ്പില്ലാത്ത നഗരസഭ റോഡിലൂടെ നിരവധി ടോറസുകൾ തലങ്ങും വിലങ്ങും ഓടിയതോടെ റോഡ് താറുമാറായിരുന്നു.
പാളയാട്, മാന്ധംകുണ്ട് നിന്ന് പുളിമ്പറമ്പിൽ പട്ടുവം റോഡിനോട് ചേരുന്ന റോഡിന്റെ കയറ്റത്തിൽ ഒരു ഭാഗം ഇത്തരം വാഹനങ്ങളുടെ പ്രവേശനത്തോടെ ഉടഞ്ഞുകിടക്കുകയാണ്. ഉടഞ്ഞ റോഡിൽ എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനാവില്ല. ഇരുചക്രവാഹനങ്ങൾ അരുകിലൂടെ നീക്കിയാൽ അപകടത്തിൽപ്പെടുന്നതും പതിവായി.