കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് ദിനംപ്രതി ഭക്തജനത്തിരക്കേറുമ്പോൾ മഹോത്സവ നഗരിയുടെ കിഴക്കേ നടയിൽ ഒരുക്കിയിട്ടുള്ള ശ്രീ നാരായണ ഗുരുദേവ സൗജന്യസേവാകേന്ദ്രത്തിന്റെ പ്രവർത്തനം ശ്രദ്ധ നേടുന്നു. ഉത്സവാരംഭം മുതൽ എല്ലാ ദിവസവും രാവിലെ മുതൽ പ്രത്യേകം തയ്യാറാക്കിയ ഔഷധ കാപ്പി തീർത്ഥാടകർക്ക് ഇവിടെ നിന്ന് വിതരണം ചെയ്യുന്നുണ്ട്.
പന്ത്രണ്ടുവർഷം മുൻപ് ഫുട്‌ബാൾ അസോസിയേഷൻ ദേശീയ പ്രസിഡന്റും ശ്രീനാരായണ ഗുരുധർമ്മ പ്രചാരകനുമായിരുന്ന പി.പി ലക്ഷ്മണന്റെ നേതൃത്വത്തിലായിരുന്നു സൗജന്യ സേവനകേന്ദ്രം തുടങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്ന് ദാസൻ പാലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടായ്മയാണ് നിലവിൽ ഈ ചുമതല വഹിക്കുന്നത്. രാജൻ വാചാലി, നന്ദിനി അശോകൻ, സിനി ഷാജി, ബേബി ഷൈനി എന്നിവരാണ് കേന്ദ്രത്തിലെ പ്രവർത്തകർ. കുറിച്യസ്ഥാനികനായ ഒറ്റപ്പിലാന്റെ തറവാട് പ്രതിനിധി രാമൻ പെരുന്തോടിയാണ് സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തത്.