കാസർകോട്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ലാതല സുഹൃദ് സംഗമവും പ്രവർത്തക കൺവെൻഷനും ഇന്ന് കാസർകോട്ട് നടക്കും. കേരളത്തിലെ പൊതുസമൂഹവുമായും പാർട്ടി പ്രവർത്തകരുമായും സംസ്ഥാന പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്ന സംസ്ഥാനതല പര്യടനത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്.
കാസർകോട്ടു നിന്നും ആരംഭിക്കുന്ന പര്യടനം മുഴുവൻ ജില്ലകളിലും പൂർത്തികരിച്ച് 23 ന് കോഴിക്കോട്ട് സമാപിക്കും. ഇന്നു രാവിലെ 10 ന് കാസർകോട് കൊല്ലങ്കാനം ട്രിബൂൺ റിസോർട്ടിൽ സാദിഖലി തങ്ങൾ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ കാണും. കാസർകോട് ജില്ലയിലെ വിവിധ ജനവിഭാഗം അനുഭവിക്കുന്ന പ്രശ്നങ്ങളും ജില്ലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള സാദ്ധ്യതകൾ സംബന്ധിച്ചും പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. അമ്പത് പ്രമുഖരെയാണ് ജില്ലാ നേതാക്കൾ നേരിട്ടുപോയി കണ്ട് തങ്ങളുടെ സുഹൃദ് സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
ഉച്ചക്ക് രണ്ടിന് കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന പ്രവർത്തക കൺവെൻഷനിൽ തങ്ങൾക്ക് പുറമെ ലീഗിന്റെ പ്രമുഖ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അബ്ദുസമദ് സമദാനി എം.പി. പി.എം.എ.സലാം, കെ.എം. ഷാജി അടക്കം സംസ്ഥാന ദേശീയ നേതാക്കളും എം.പിമാരും എം.എൽ.എമാരും പ്രസംഗിക്കും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ കൗൺസിൽ, നിയോജക മണ്ഡലം പഞ്ചായത്ത് - മുനിസിപ്പൽ കൗൺസിൽ അംഗങ്ങളും വാർഡ്- ശാഖാ - യൂണിറ്റ് ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാർട്ടിഅംഗങ്ങളായ ജനപ്രതിനിധികളും പ്രധാന പാർട്ടി പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള, ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ, സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളും നേതാക്കളും പരിപാടി വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്.