കണ്ണൂർ: നവജാത ശിശുവിനെ ജില്ലാ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ യുവതിയെ കസ്റ്റഡിയിലെടുക്കാനായി പോയ കണ്ണൂർ സിറ്റി പൊലീസ് വെറും കൈയോടെ മടങ്ങി. യുവതിയുടെ ഉളിക്കലിലെ വീട്ടിലെത്തിയപ്പോൾ അവർ ഇവിടെയില്ലെന്നും എവിടെ പോയെന്ന് അറിയില്ലെന്നുമാണ് വീട്ടുകാർ പറഞ്ഞത്. ജുവനൈൽ ആക്ട് പ്രകാരമാണ് ഇവർക്കെതിരെ ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ 25 നാണ് വീട്ടിൽ നിന്നും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുന്നത്. ഇവർ ഒറ്റയ്ക്കാണുണ്ടായിരുന്നത്. ബസ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പിങ്ക് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. എന്നാൽ കഴിഞ്ഞ 27ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യപ്പെട്ട ഇവർ കുഞ്ഞിനെ തനിക്ക് വേണ്ടെന്നും കൊണ്ടുപോവുന്നില്ലെന്നും ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. മറ്റു രേഖകളിൽ ഒപ്പിടാതെ മുങ്ങുകയും ചെയ്തു.