പെരളശേരി: ഈ സ്‌കൂളിൽ ചേർന്നാൽ കുട്ടികൾക്ക് കളി മാത്രമല്ല കളരിയും പഠിക്കാം. കോലത്തുനാടിന്റെ തനതു ആയോധനകലയായ കളരിയുടെ മെയ്യഴകും ചുവടുവയ്പ്പും നന്നെ ചെറുപ്പത്തിലെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുകയാണ് മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു.പി സ്കൂൾ.
സ്വാതന്ത്ര്യസമരത്തിന് മുൻപേ 1896ൽ നാടിന് വിദ്യാവെളിച്ചം പകർന്നു നൽകിയ പാഠശാലയാണിത്. അന്നേ കളരിയും കുട്ടികളെ പഠിപ്പിച്ചിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. കഴിഞ്ഞ കൊവിഡ് കാലങ്ങളിലെ അടച്ചുപൂട്ടൽ കളരിക്കുണ്ടിനെ ജീർണാവസ്ഥയിലെത്തിച്ചുവെങ്കിലും ഇപ്പോൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കളരി പുനർനിർമിച്ചിരിക്കുകയാണ് മാനേജ്മെന്റും പി.ടി.എയും.
പുലർച്ചെ അഞ്ചുമണി മുതൽ വൈകുന്നേരം ഏഴുമണിവരെയാണ് കുട്ടികൾക്ക് പരിശീലനം നൽകുക. കായലോട്ടെ രവീന്ദ്രൻ ഗുരുക്കളാണ് കളരിയാശാൻ. ഈ സ്‌കൂളിൽ കളരി കൂടുതൽ പഠിക്കുന്നത് പെൺകുട്ടികളാണ്. 16 പേർ ചേർന്നതാണ് ഒരു ബാച്ച്. കളരിപഠിച്ചിറങ്ങിയ കുട്ടികൾ ദേശീയ തലത്തിൽവരെ അംഗീകാരംനേടിയിട്ടുണ്ട്. പുതിയ കളരിയുടെയും സ്‌റ്റേജിന്റെയും കെട്ടിടസമുച്ചയത്തിന്റെയും ഉദ്ഘാടനം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് പ്രധാനഅദ്ധ്യാപിക ഇന്ദിര പറഞ്ഞു. കേരളത്തിൽ തന്നെ അപൂർവ്വം സ്‌കൂളാണിതെന്ന് പി.ടി.എ പ്രസിഡന്റ് കെ. സുശീലൻ പറഞ്ഞു.