കണ്ണൂർ: കണ്ണൂർ മയക്കുമരുന്ന് കേസിൽ വനിതകൾ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രവിൻഷ്യൽ ആക്ട്)ചുമത്താൻ പൊലീസ് നീക്കം. ഇതിൽ ഒരാൾ നൈജീരിയൻ യുവതിയാണ്. കണ്ണൂർ തെക്കിബസാർ റാസിയാ നിവാസിൽ നിസാം അബ്ദുൾനിസാം അബ്ദുൽ ഗഫൂറാ(35)ണ് കേസിലെ മുഖ്യപ്രതി. ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ മുഖ്യകണ്ണിയാണ് ഇയാളെന്ന് കണ്ടെത്തിയിരുന്നു.

നിസാമിന്റെ ഉറ്റകൂട്ടാളിയായ മരക്കാർ സ്വദേശിയായ ജനീസ് (35), നിസാമിന്റെ ബന്ധുവായ കാപ്പാട് ഡാഫോഡിൽസിൽ അഫ്സൽ (37), ഈയാളുടെ ഭാര്യ ബാൾക്കിസ് (28), നൈജീരിയൻ യുവതി പ്രിൻസ് ഓട്ടോനിയ, അൻസാരി -ഷബ്ന ദമ്പതികൾ എന്നിവരടക്കമുള്ള 13പ്രതികൾക്കെതിരെയാണ് കാപ്പ ചുമത്തുന്നതിനായി സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ റിപ്പോർട്ടു നൽകിയത്. ഇതു കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ അനുമതിക്ക് ശേഷം കളക്ടർക്ക് അയക്കും. ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കളക്ടർ നേതൃത്വം നൽകുന്ന കമ്മിറ്റിക്കാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാനുള്ള അധികാരം.

കഴിഞ്ഞ മാർച്ച് ഏഴിനാണ് കണ്ണൂരിനെ ഞെട്ടിച്ച മയക്കുമരുന്ന് വേട്ട നടന്നത്. ബംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിലെ പാർസലിൽ നിന്നാണ് തുണിത്തരങ്ങളെന്ന വ്യാജേനെ മയക്കുമരുന്ന് കൈപ്പറ്റുന്നതിനിടെ അഫ്സൽ ബൽക്കീസ് ദമ്പതികൾ പിടിയിലാകുന്നത്. എം.ഡി.എം.എ ഉൾപ്പെടെയുള്ള രണ്ടുകോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്.
ഇതിനെ തുടർന്ന് ജനീസ് നടത്തിവരുന്ന ചാലാട്ടെ ഇന്റീരിയർ സ്ഥാപനത്തിലും റെയ്ഡ് നടന്നു. ഇവിടെ നിന്നും എം.ഡി.എം.എ, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നു ശേഖരം പിടികൂടി. ഈകേസിലെ പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.