ചീമേനി: പെരുന്തോലിലെ ലളിതയ്ക്കും കുടുംബത്തിനും ഇനി സുരക്ഷിതമായി ഉറങ്ങാം. ചീമേനി ജനമൈത്രി പൊലീസിന്റെ ശ്രമഫലമായി പുതുക്കിപ്പണിത വീട് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലൻ ഉദ്ഘാടനം ചെയ്ത് കുടുംബത്തിന് കൈമാറി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് അദ്ദേഹം ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ അബ്ദുൾ സലാം, കേരള പൊലീസ് അസോസിയേഷൻ കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് എം.വി. ശ്രീദാസൻ, ജില്ലാ സെക്രട്ടറി എ.പി സുരേഷ്, കുടുംബശ്രീ സി.ഡി.എസ് രജിത എന്നിവർ സംബന്ധിച്ചു.
ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.വി രാജേഷ്, കെ.വി പ്രകാശൻ എന്നിവരുടെ ബീറ്റ് ഡ്യൂട്ടിക്കിടയിലാണ് ലളിതയുടെയും കുടുംബത്തിന്റെയും ദൈന്യത ശ്രദ്ധയിൽപ്പെട്ടത്. വാർഡ് മെമ്പർ അബ്ദുൾ സലാം, സി.ഡി.എസ് ചെയർപേഴ്സൺ രജിത എന്നിവരുടെ ഇടപെടലിലൂടെ കുടുംബശ്രീ ആശ്രയ പദ്ധതിയിലൂടെ വീടിന്റെ മേൽക്കൂര പണിയുന്നതിന് ലഭിച്ച 75,000 രൂപയുടെ ധനസഹായമാണ് വീട് നവീകരണ പാതയിലേക്ക് ചീമേനി ജനമൈത്രി പൊലീസിനെ എത്തിച്ചത്.
ചീമേനി ഇൻസ്പെക്ടർ എ. സുനിൽരാജിന്റെ നിർദ്ദേശപ്രകാരമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ശ്രമദാനത്തിലൂടെ വീട് നവീകരണം പൂർത്തീകരിച്ചത്. സബ് ഇൻസ്പെക്ടർമാരായ എം.പി. രമേശൻ, പി.ബാബു, പി.വി രാമചന്ദ്രൻ, പി.വി കരുണാകരൻ എന്നിവരുടെ പിന്തുണയും ലഭിച്ചു. സാമൂഹ്യ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് വേഗംകൂട്ടി.
പടം....
ലളിതയ്ക്കും കുടുംബത്തിനുമുള്ള വീട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലൻ കൈമാറുന്നു