തളിപ്പറമ്പ്: ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയവരിൽ നിന്ന് അർഹരായവരെ ഒഴിവാക്കിയെന്ന് അരോപിച്ച് തളിപ്പറമ്പ് നഗരസഭാ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. ഇരുപക്ഷവും തമ്മിൽ വാക്ക് പോര് നടന്നു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭക്ക് ലഭിച്ച 74 അപേക്ഷകരിൽ നിന്നും 53 പരെ മാത്രമേ തിരഞ്ഞെടുക്കാനാവൂ എന്ന നിലപാടിലായിരുന്നു ഭരണപക്ഷം.
എന്നാൽ അപേക്ഷകരായ മുഴുവൻ പേർക്കും വീട് നൽകണമെന്നായിരുന്നു സി.പി.എം കൗൺസിലർമാരുടെ വാദം. ഒരു അപേക്ഷകന് നഗരസഭ രണ്ട് ലക്ഷം രൂപ അനുവദിക്കേണ്ടതിനാൽ ഫണ്ടിന്റെ അപര്യാപ്തത വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ഇത് കാരണം നൂറുശതമാനവും അർഹതയുള്ള 5 സെന്റ് ഭൂമി സ്വന്തമായുള്ളവർക്ക് മാത്രമേ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കാനാവൂ എന്ന് ഭരണപക്ഷ കൗൺസിലർമാർ വാദിച്ചപ്പോൾ ഇത് അംഗീകരിക്കാനാവില്ലെന്ന വാദവുമായി പ്രതിപക്ഷ നേതാവ് ഒ. സുഭാഗ്യം, വി. വിജയനും രംഗത്തുവന്നു.ഏറെ നേരത്തെ തർക്കങ്ങൾക്ക് ശേഷം ഇക്കാര്യത്തിൽ സമവായമുണ്ടാക്കിയ ശേഷം തീരുമാനമെടുക്കാമെന്ന ധാരണയിലാണ് തർക്കം അവസാനിച്ചത്. യോഗത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, കെ.എം ലത്തീഫ്, പി.പി. മുഹമ്മദ് നിസാർ, പി.സി. നസീർ, ഷബിദ, ഡി. വനജ, ഇ. കുഞ്ഞിരാമൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
പരിഗണനയിൽ
35 പേർ മാത്രം
5 സെന്റ് സ്ഥലമുള്ളവരെയാണ് ലൈഫ് വീടുകൾക്ക് പരിഗണിക്കുന്നതെങ്കിൽ നിലവിലുള്ള അപേക്ഷകരിൽ 35 ഓളം പേർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ജൂൺ എട്ടിന് നടക്കുന്ന വികസന സെമിനാറിൽ അവതരിപ്പിക്കേണ്ട കരട് പദ്ധതി അജണ്ടയോടൊപ്പം ലഭിക്കാത്തതും കൗൺസിൽ യോഗത്തിൽ വിവാദങ്ങൾക്കിടയാക്കി.
ഒടുവിൽ ഈ അജണ്ട പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയും അവസാനത്തെ അജണ്ടയായി പരിഗണിക്കുകയുമായിരുന്നു.