കല്യാശ്ശേരി : കാലങ്ങളായി തീയ്യ സമുദായത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ മാത്രം സംസ്‌ക്കരിച്ചു കൊണ്ടിരുന്ന പൂവത്തും ചാൽ തീയ്യ സ്മശാനത്തിൽ ഇനി ജാതി ഭേദമന്യേ അന്ത്യകർമ്മങ്ങൾ നടക്കും.ആന്തൂർ നഗരസഭയുടെ ഭാഗമായ കാനൂൽ കുറ്റിപ്രത്തുള്ള തീയ്യ സമുദായ ശ്മശാന കമ്മിറ്റിയാണ് വിപ്ലവകരമായ ഈ തീരുമാനമെടുത്തത്.
ജാതിയെയും മതത്തെയും പടിക്കു പുറത്താക്കി ജീവിക്കുന്ന നമ്മുടെ അന്ത്യ കർമ്മങ്ങൾ നിർവഹിക്കാൻ ജാതി തിരിച്ചുള്ള സ്മശാനങ്ങൾ വേണോയെന്ന പുതിയ തലമുറയുടെ ചോദ്യമാണ് കമ്മിറ്റിയെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.മറ്റു മതസ്ഥരെ കല്യാണം കഴിക്കുകയും കാലങ്ങളായി ഒന്നിച്ചു ജീവിക്കുകയും മരിച്ചാൽ രണ്ടു സമുദായ ശ്മശാനങ്ങളിലായി കത്തിയമരുകയും ചെയ്യുന്ന നിലവിലെ അവസ്ഥയും യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
തീയ്യ സമുദായ പരിപാലന സംഘത്തിന്റെ വാർഷിക ജനറൽബോഡി യോഗമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
റിട്ടയർഡ് അദ്ധ്യാപകനായ സി. ഗോപാലൻ പ്രസിഡന്റും എം.പുരുഷോത്തമൻ സെക്രട്ടറിയും മാടത്താൻ കണ്ടി ഷാജി ട്രഷററുമായ പതിനഞ്ചംഗ കമ്മിറ്റിയാണ് ഇപ്പോൾ ഈ സംഘത്തിനുള്ളത്.
ഒരേക്കർ മുപ്പതുസെന്റ് ഉണ്ടായിരുന്ന ശ്മശാനം റോഡ് സൗകര്യമടക്കം ഒരുക്കിയതിന്റെ ഭാഗമായി ഇപ്പോൾ ഒരേക്കറായി ചുരുങ്ങിയിട്ടുണ്ട്. പരമ്പരാഗത രീതിയിലാണ് ഇവിടെ സംസ്കാരം നടക്കുന്നത്.കാനൂൽ,കുറ്റിപ്രം, പുന്നകുളങ്ങര, ഒഴക്രോം എന്നീ പ്രദേശങ്ങളാണ് ശ്മശാനത്തിന്റെ പരിധി. ഹിന്ദു ആചാരപ്രകാരമുള്ള സംസ്കാരചടങ്ങുകളാണ് ശ്മശാനത്തിൽ നടന്നുവരുന്നത്.
കുറ്റിപ്രം തീയസമുദായ ശ്മശാനകമ്മിറ്റി എടുത്ത തീരുമാനം മറ്റ് സമുദായങ്ങളും അംഗീകരിക്കേണ്ടതുണ്ട്. ആര് മുന്നോട്ടുവന്നാലും ഉചിതമായ രീതിയിൽ സംസ്കാരചടങ്ങുകൾ നടത്താൻ ശ്മശാനം സജ്ജമാണ്-മാടത്താൻകണ്ടി ഷാജി(ട്രഷറർ, കുറ്റിപ്രം തീയ്യ സമുദായ ശ്മശാന കമ്മിറ്റി)