കാസർകോട്: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ജില്ലയാക്ക് കാസർകോടിനെ മാറ്റാനുള്ള കർമ്മ പരിപാടിയുമായി ജില്ലാ പഞ്ചായത്ത്. പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ സാക്ഷരതാ സമിതി യോഗം ഡിജിറ്റൽ സാക്ഷരതാ പരിപാടിക്ക് അംഗീകാരം നൽകി.
ത്രിതല പഞ്ചായത്തുകളുടെയും നഗരസഭയുടെയും സംയോജിത പ്രൊജക്ടായാണ് ഡിജിറ്റൽ സാക്ഷരതാ പദ്ധതി രൂപകൽപന ചെയ്യുന്നത്. ബാങ്ക് ഓൺലൈൻ പണമിടപാട്, മൊബൈൽ റീചാർജ് , വൈദ്യുതി ബിൽ എൽ.പി.ജി ഗ്യാസ് ബുക്കിംഗ് തുടങ്ങി പ്രായോഗിക ജീവിതത്തിൽ അനിവാര്യമായ ഡിജിറ്റൽ സാക്ഷരത നൽകുന്നതിനാണ് പദ്ധതി.
പത്ത്, ഹയർ സെക്കൻഡറി തുല്യതാ അദ്ധ്യാപക നിയമനത്തിന് അഭിമുഖത്തിനായി യോഗത്തിൽ ഉപസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ഇ കെ നായനാർ ലൈബ്രറിയുടെ പ്രവർത്തനം ജില്ലാ സാക്ഷരതാ മിഷൻ ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള പരിപാടി ജൂൺ 20 ന് നടക്കും. സെപ്തംബർ 8 ന് ജില്ലാ തലത്തിൽ സാക്ഷരതാ പ്രവർത്തകരുടെ സംഗമം സംഘടപ്പിക്കും. യോഗത്തിൽ ജില്ലാ സാക്ഷരതാ സമിതി ജില്ലാ കോർഡിനേറ്റർ പി.എൻ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എസ്.എൻ സരിത, ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപൻ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. രഘുറാം ഭട്ട്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, കെ. വി. രാഘവൻ, കെ.വി വിജയൻ, കാസർകോട് ഗവ. കോളേജിലെ ഡോ. എൻ. രാധാകൃഷ്ണൻ, കുടുംബശ്രീ പ്രതിനിധി ഇ. ഷെബി, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സുരേന്ദ്രൻ തുടങ്ങിയവരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.
പദ്ധതി നടപ്പാക്കാൻ
30 വീടുകൾക്ക് ഒരു ഡിജിറ്റൽ ലിറ്ററസി ക്ലാസ്
ഒരു വാർഡിൽ ഒരു റിസോഴ്സ് പേഴ്സൺ
ആകെ 16000 ക്ലാസുകൾ സംഘടിപ്പിക്കും