പഴയങ്ങാടി: ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടി കടപ്പുറത്ത് 59 വർഷം മുമ്പ് സർക്കാർ സ്ഥാപിച്ച ഐസ് പ്ലാന്റ് കെട്ടിടം പൊളിച്ച് മാറ്റാൻ തുടങ്ങി. ഫിഷറീസ് വകുപ്പിന്റെ പുതിയ പദ്ധതിയായ കടൽ മത്സ്യ കല്ലുമ്മക്കായ വിത്ത് ഉൽപാദന കേന്ദ്രമായ ഹാച്ചറി കെട്ടിടം നിർമ്മിക്കാനായാണ് പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുതിയങ്ങാടിയിൽ ഒരു ഗവ. ഐസ് പ്ലാന്റ് നിർമ്മിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് മുൻ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ പറഞ്ഞിരുന്നു.
നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഐസ് പ്ലാന്റിന് പകരം 25 ടൺ ശേഷിയുള്ള പുതിയ ഐസ് പ്ലാന്റ് നിർമ്മിക്കാൻ എസ്റ്റിമേറ്റ് ഹാർബർ എൻജിനീയറിംഗ് വകുപ്പ് തയാറാക്കി വരികയാണെന്നും ഇതിന് ഭരണാനുമതി നൽകുമെന്നും പറഞ്ഞിരുന്നു. മുൻ എം.എൽ.എ ടി.വി. രാജേഷ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചതിനെ തുടർന്നായിരുന്നു വിശദീകരണം. എന്നാൽ തുടർ നടപടി ഒന്നും തന്നെ ഉണ്ടായില്ല. പുതിയങ്ങാടിയിൽ ആധുനിക രീതിയിലുളള ഗവ. ഐസ് പ്ലാന്റ് നിർമ്മിക്കാൻ പദ്ധതിയില്ല എന്നാണ് നിലവിൽ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൽകുന്ന മറുപടി. 1963ലാണ് ഐസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. നല്ല നിലയിൽ പ്രവർത്തിച്ച് വന്ന ഐസ് പ്ലാന്റ് സ്വകാര്യ ഐസ് പ്ലാന്റുകളുടെ കടന്ന് കയറ്റത്തോടെ പൂട്ടുകയായിരുന്നു. ആവശ്യമായ ശുദ്ധജല സ്രോതസുകൾ ഉൾപ്പെടെ ഉണ്ടായിട്ടും ഐസ് പ്ലാന്റ് നവീകരിക്കാൻ നടപടിയുണ്ടായില്ല. കെട്ടിടം കാടുമൂടി നശിക്കുകയും ചെയ്തു.