
കൗമുദി ടീച്ചറുടെ ചിത്രത്തിനരികെ സഹോദരന്റെ മകൾ ദേവിക
1934 ജനുവരി 14. കോഴിക്കോട് ജില്ലയിലെ വടകര കോട്ടപ്പറമ്പിനടുത്തുള്ള പൊതുയോഗവേദി. തടിച്ചുകൂടിയ ജനസാഗരത്തിനിടയിലേക്ക് മഹാത്മാ ഗാന്ധി കടന്നുവരുന്നു. ഹരിജനോദ്ധാരണ ഫണ്ടിലേക്ക് സംഭാവന സമാഹരിക്കുകയായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം.''നമ്മുടെ നാട് ദരിദ്ര രാജ്യങ്ങളിലൊന്നാണ്. വയറുനിറച്ച്ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വളരെക്കുറവാണ് . നിങ്ങളിൽ പലരും ആവശ്യത്തിലേറെ ആഭരണങ്ങളണിഞ്ഞാണ് വന്നിരിക്കുന്നത്. നാടിന്റെ ഈ അവസ്ഥയിൽ നിങ്ങൾ കാണിക്കുന്നത് നീതിയാണോ?അധികമെന്ന് നിങ്ങൾക്ക് ബോദ്ധ്യമുള്ള ആഭരണങ്ങളിലൊരു പങ്ക് എന്നെ ഏൽപ്പിക്കുക. നിങ്ങളുടെ ദയാവായ്പു കൊണ്ട് ഒരു വയറെങ്കിലും നിറഞ്ഞെങ്കിൽ,അതിലും വലിയൊരു പുണ്യം ലഭിക്കാനുണ്ടോ?.
ഇതു കേട്ടയുടനെ പതിനേഴുകാരിയായ കൗമുദിക്ക് മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നില്ല.വേദിയിലേക്ക് കയറിച്ചെന്ന് തന്റെ സ്വർണവള ഉൗരി ഗാന്ധിജിയെ ഏൽപ്പിച്ചു.തുടർന്ന് ഗാന്ധിജിയോട് കൈയ്യൊപ്പ് ആവശ്യപ്പെട്ടു. ഗാന്ധിജി കൈയ്യൊപ്പ് നൽകാൻ ഒരുങ്ങവെ അവൾ അടുത്ത വള ഉൗരി .പിന്നീട് കഴുത്തിലെ മാലയും കമ്മലും ഊരി അദ്ദേഹത്തിന് നൽകി.മാതാപിതാക്കൾ സമ്മതിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ,ഉണ്ടെന്നും അവരെല്ലാം ഇവിടെയെത്തിയിട്ടുണ്ടെന്നും മറുപടി നൽകി.
അങ്ങിനെ ഗാന്ധിജി ആ ഒാട്ടോഗ്രാഫിൽ കുറിച്ചു 'തുമാരാ പ്യാർ ,തുമാരാ ഭൂഷൺ ഹോഗാ...'(നിന്റെ സ്നേഹം നിന്റെ ആഭരണമാകും ) ചരിത്രത്തിൽ രേഖപ്പെടുത്തിയ ഇൗ ത്യാഗത്തെ കുറിച്ച് ഗാന്ധിജി പിന്നീട് പല വേദികളിലും പ്രസംഗിച്ചു.'കൗമുദി കീ ത്യാഗ്' എന്ന പേരിൽ ലേഖനം എഴുതി.ജീവിതത്തിൽ ഇനി സ്വർണ്ണം ഉപയോഗിക്കില്ലെന്ന് ഗാന്ധിജിക്ക് നൽകിയ ഉറപ്പ് കൗമുദി മരിക്കും വരെ പാലിച്ചു.വടകര ആയഞ്ചേരി കോവിലകത്ത് രാമവർമ്മ തമ്പുരാന്റെയും ചിറക്കൽ രാജാവായ ഉദയവർമയുടെ മകൾ ദേവകി കെട്ടിലമ്മയുടെയും മകളാണ് കൗമുദി .കണ്ണൂർ കാടാച്ചിറ ഹൈ സ്കൂളിന് സമീപത്തെ ഉദയപുരം വീട്ടിൽ നിറയെ കൗമുദി ടീച്ചറുടെ ഒാർമ്മകളാണ്.അവസാന നാളുകളിൽ അവരെ ശുശ്രൂഷിച്ചത് ഇളയ സഹോദരൻ വി.പ്രഭാകരനും ഭാര്യ പ്രഭാവതി ടീച്ചറുമായിരുന്നു.പ്രഭാവതി ടീച്ചർക്ക് കുട്ടിക്കാലം മുതൽ തന്നെ കൗമുദി ടീച്ചറെ പരിചയമുണ്ട്.പിന്നീട് ഹിന്ദി അദ്ധ്യാപികയായി .കണ്ണൂർ ഗവ.ഗേൾസ് ഹൈസ്കൂളിൽ കൗമുദി ടീച്ചർ പ്രഭാവതിയുടെ അദ്ധ്യാപികയുമായി.യാദൃച്ഛികമായി സഹോദരൻ പ്രഭാകരനെ വിവാഹം കഴിച്ചതോടെ അവർ തമ്മിലുള്ള ആത്മബന്ധവും ദൃഢമാവുകയായിരുന്നു.
ചരിത്രത്തിൽ തങ്കലിപികളിൽ കോറിയിട്ട ,ഗാന്ധിജിക്ക് സ്വർണാഭരണങ്ങൾ നൽകിയ സംഭവം നടന്ന് വർഷം എൺപത് കഴിഞ്ഞെങ്കിലും പ്രഭാകരന്റെയും പ്രഭാവതിയുടെ മകളായ ദേവികയുടെയും മനസ്സിൽ ഇന്നും ജ്വലിക്കുന്ന ഏടാണ്. മാതാപിതാക്കളാണ് ഈ ചരിത്രം ദേവികയ്ക്ക് പറഞ്ഞു കൊടുത്തത്. കൗമുദി ടീച്ചറെ കുറിച്ച് ചോദിക്കുമ്പോൾ ദേവികയ്ക്ക് നൂറു നാവാണ്.
പുറമെ കൊഞ്ചിക്കുകയോ വാത്സല്യം പ്രകടിപ്പിക്കുകയോ ചെയ്യാത്ത വല്ല്യമ്മയുടെ ഉള്ള് നിറയെ സ്നേഹമായിരുന്നു. എന്റെ കൂടെ എന്തിനും ഏതിനും വല്ല്യമ്മ ഒപ്പം വരുമായിരുന്നുവെന്ന് ദേവിക പറഞ്ഞു.കണ്ണൂർ ടൗണിലൂടെ ഒരുമിച്ചു പോകുമ്പോൾ വല്ല്യമ്മയെ കണ്ടാൽ മിക്കവരും അടുത്ത് വരും.എല്ലാവർക്കും പരിചയമായിരുന്നു വല്ല്യമ്മയെ. വല്ല്യമ്മയ്ക്ക് കണ്ണൂർ ജില്ലയിൽ വലിയ ശിഷ്യഗണമുണ്ടായിരുന്നു. വല്ല്യമ്മക്ക് ഏറ്റവും ഇഷ്ടവും കുട്ടികളെ പഠിപ്പിക്കുന്നതായിരുന്നു. എന്നാൽ വല്ല്യമ്മയെ കുറിച്ചുള്ള പാഠ ഭാഗം മാത്രം പഠിപ്പിക്കില്ല.പാവപ്പെട്ട എത്രയോ പേരെ വല്ല്യമ്മ പണം നൽകി സഹായിക്കുമായിരുന്നു.ആദ്ധ്യാത്മികമായിട്ടുള്ള കാര്യങ്ങളും ഹിന്ദി,ഇംഗ്ലീഷ് എല്ലാം വല്ല്യമ്മ സൗജന്യമായി കുട്ടികളെ പഠിപ്പിക്കും.ഇതിനായി വീടിനു പുറത്ത് ഒരു പ്രത്യേക മുറിയും വല്ല്യമ്മയ്ക്കുണ്ട്.വല്ല്യമ്മ പഠിപ്പിച്ചാൽ മനസ്സിൽ തങ്ങി നിൽക്കുമെന്നാണ് അവരൊക്കെ പറയാറ്.കോളേജ് വിദ്യാർത്ഥിയായതു വരെയും തന്നെ പഠിപ്പിച്ചതും വല്ല്യമ്മ തന്നെയാണ്. ഏറെ എളിമ നിറഞ്ഞ ജീവിതമായിരുന്നു.ഞങ്ങൾക്കെല്ലാം എന്നും അഭിമാനമാണ് വല്ല്യമ്മ.
കൊച്ചുമക്കളെ കൊഞ്ചിച്ചും താലോലിച്ചും
സഹോദരന്റെ മക്കളുടെ കുട്ടികളോട് എന്നും വാത്സ്യല്യത്തോടെയായിരുന്നു കൗമുദി ടീച്ചർ പെരുമാറിയിരുന്നത് .ദേവികയുടെ മൂത്ത മകൻ ആദിത്യ കുമാറിനെ എണ്ണ തടവി കുളിപ്പിച്ചിരുന്നത് കൗമുദി ടീച്ചറായിരുന്നു.അപ്പോഴേക്കും വാർദ്ധക്യത്തിലെത്തിയിരുന്ന കൗമുദി ടീച്ചർ ഒരു മുത്തശ്ശിയുടെ എല്ലാ സ്നേഹ വാത്സല്യങ്ങളും കൊച്ചു മക്കൾക്ക് നൽകി. മുത്തശ്ശിയുടെ സ്നേഹവും വാത്സല്യവുമെല്ലാം ലഭിച്ചത് ജീവിതത്തിലെ വലിയ സൗഭാഗ്യമായാണ് കരുതുന്നതെന്ന് ഇപ്പോൾ ഗൾഫിലുള്ള ആദിത്യ കുമാർ പറഞ്ഞു.
ഏകാന്തത,സംഘർഷം
വാർദ്ധക്യത്തിൽ കുറെ മാനസിക സംഘർഷങ്ങളും ഏകാന്തതയുമെല്ലാം കൗമുദി ടീച്ചറെ അലട്ടിയിരുന്നു.താൻ ഒറ്റയ്ക്കാണെന്ന ചിന്ത വല്ലാതെ വേദനിച്ചിരുന്നു. അവിവാഹിതയായതും മക്കളില്ലാത്തതുമെല്ലാം വാർദ്ധക്യത്തിൽ കൗമുദി ടീച്ചറെ മാനസികമായി അൽപ്പം വിഷമിപ്പിച്ചിരുന്നു.താൻ മറ്റുള്ളവർക്ക് ഒരു ബാദ്ധ്യതയാകുമോ എന്നുള്ള ചിന്തകളെല്ലാം കൗമുദി ടീച്ചർക്കുണ്ടായിരുന്നു.എന്നാൽ മരിക്കും വരെ സഹോദരൻ പ്രഭാകരനും ഭാര്യ പ്രഭാവതിയും ഏറെ കരുതലോടെയാണ് ടീച്ചറെ നോക്കിയത്. കൗമുദിടീച്ചർ മരണം വരെ പ്രഭാവതിക്കൊപ്പം തന്നെയായിരുന്നു.തൊണ്ണൂറ്റിരണ്ടാം വയസ്സിൽ 2009 ആഗസ്റ്റ് നാലിനാണ് കൗമുദി ടീച്ചർ ലോകത്തോട് വിടപറഞ്ഞത്.