തളിപ്പറമ്പ്: താലൂക്ക് വികസന സമിതി യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിമാർ നിർബന്ധമായും പങ്കെടുക്കണമെന്നും യോഗത്തിലെത്തുന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ പഠിച്ച് മറുപടി നൽകാൻ തയ്യാറാകണമെന്നും ഇന്നലെ താലൂക്ക് ഓഫീസിൽ നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം ഉയർന്നു. ചിറവക്കിലുണ്ടാകുന്ന ട്രാഫിക് പ്രശ്നം പരിഹരിക്കുന്നതിന്നും അവിടെ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിനുമായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഇരിട്ടി സംസ്ഥാന പാതയിൽ മന്ന ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽക്കാൻ പി.ഡബ്‌ള്യു.ഡിക്ക് യോഗം നിർദ്ദേശം നൽകി. കുറുമാത്തൂർ പഞ്ചായത്ത് രണ്ടാംവാർഡിൽ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറിന്റെ സേവനം ലഭ്യമാക്കണമെന്ന പരാതി സിവിൽ സപ്ലൈസിന് കൈമാറി. കണ്ണൂർ, മലപ്പട്ടം, ഏരുവേശി, ചെമ്പേരി, കുടിയാന്മല വഴി പാലക്കയംതട്ടിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന ആവശ്യത്തിൽ തീരുമാനം നടപ്പിലാക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായും റോഡ് കൈയേറ്റവുമായും ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭയിൽ തിങ്കളാഴ്ച ചേരാനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊയ്യം ജനാർദ്ദനൻ അദ്ധ്യക്ഷനായി. തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, ആർ.ഡി.ഒ ഇ.പി മേഴ്സി തുടങ്ങിയവർ സംബന്ധിച്ചു.