കണ്ണൂർ: കണ്ണൂരിൽ പതിനഞ്ചോളം മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിനെ അക്രമക്കേസിൽ പൊലീസ് അറസ്റ്റു ചെയ്തു. എളയാവൂർ സ്വദേശിയും ശ്രീപുരത്ത് താമസക്കാരനുമായ കെ.കെ. രഞ്ജിത്തിനെയാ(33)ണ് കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നത് പരിഗണനയിലാണെന്ന് പൊലീസ് അറിയിച്ചു. ധനലക്ഷ്മി ആശുപത്രിക്ക് സമീപം വെച്ചു വാക് തർക്കത്തെ തുടർന്നാണ് ഇയാൾ വിപിൻ കളമ്പേത്തിനെ അടിച്ചു പരുക്കേൽപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി ഇരുവരും തമ്മിലുള്ള വാക് തർക്കത്തെ തുടർന്ന് തലയ്ക്കു അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരെ പൊലീസിന് വിവരം നൽകിയെന്നതായിരുന്നു വൈരാഗ്യത്തിന് കാരണം.വിപിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.