thimiri-hs
ചെറുവത്തൂർ തിമിരിയിലെ മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂൾ

ചെറുവത്തൂർ: കർഷക തൊഴിലാളികളും കൂലിപ്പണിക്കാരും കൂടുതലായി അധിവസിക്കുന്ന തിമിരിയിലെ മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്‌കൂളിന് പ്ലസ് ടു കോഴ്സ് അനുവദിക്കണമെന്ന ആവശ്യത്തിന് ഇനിയും കാത്തിരിപ്പ്. 14 വർഷം തുടർച്ചയായി എയ്ഡഡ് മേഖലയിൽ എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയം നേടുന്ന സ്‌കൂളാണിത്. എന്നിട്ടും പ്ലസ്ടു അനുവദിക്കണമെന്ന ആവശ്യത്തോട് സർക്കാർ മുഖംതിരിക്കുന്നു.

1976 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്.

വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശത്തിനോടാണ് ഈ അവഗണന. ഇവിടെ നിന്ന് എസ്.എസ്.എൽ.സി പാസായി പോകുന്ന കുട്ടികൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് മറ്റു സ്‌കൂളുകളിൽ ഉപരിപഠനം നടത്തുന്നത്. എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിട്ടും പ്ലസ്ടു അനുവദിക്കാത്തതിനെതിരെ സ്‌കൂൾ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇനി സർക്കാർ പ്ലസ്ടു അനുവദിക്കുന്നുണ്ടെങ്കിൽ ആദ്യ പരിഗണന ഈ സ്‌കൂളിന് നൽകണമെന്ന ഹൈക്കോടതി നിർദ്ദേശവുമുണ്ട്.
ഗ്രാമീണ മേഖലയിലെ ഈ സ്‌കൂളിന് പ്ലസ്ടു അനുവദിക്കേണ്ടത് അത്യാവശ്യമാണെന്ന് പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി.വി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും വികസന സമിതി ചെയർപേഴ്സണുമായ സി. യശോദ, മദർ പി.ടി.എ പ്രസിഡന്റ് കെ. സജിനി, സുനിത, സീനിയർ അസിസ്റ്റന്റ് കെ. അർജുനൻ, എം. സവിത എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് സി.വി ശ്രീകല സ്വാഗതവും, ടി.പി അബ്ദുൽ ലത്വീഫ് നന്ദിയും പറഞ്ഞു.