കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ കായിക പ്രേമികളുടെ ചിരകാല സ്വപ്നമായ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 6 കോടി ചെലവിലാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്. മൂന്ന് കോടി നാൽപത്തിയെട്ട് ലക്ഷം രൂപയാണ് എഗ്രിമെന്റ് തുക. സിവിൽ വർക്കുകൾ പുരോഗമിക്കുന്നു.
മൂന്ന് മാസത്തിനകം സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുമെന്നാണ് പ്രതീക്ഷ. രണ്ടുനിലയിൽ ഒരുങ്ങുന്ന സ്‌റ്റേഡിയത്തിന്റെ താഴത്തെ നിലയിൽ ഏഴുവരിയും ആറുമീറ്റർ നീളവുമുള്ള ഗാലറി ഇരുവശത്തും ഉണ്ടാകും. വോളിബാൾ, ബാസ്‌ക്കറ്റ്ബാൾ, ഹാൻഡ്ബാൾ, ബാഡ്മിന്റൺ കോർട്ടുകളും ഡ്രസ് ചേഞ്ചിംഗ് റൂം, ലോബി, ഓഫീസ്, ഡോർമെറ്ററി, സ്റ്റോർ റൂം എന്നിവയും ഉണ്ട്. വി.ഐ.പി.ഗാലറിക്കു പുറമെ ജിംനേഷ്യം, ഗസ്റ്റ് റൂം എന്നിവയും സ്റ്റേഡിയത്തിൽ ഒരുക്കും.
കബഡി, വോളിബാൾ, കമ്പവലി തുടങ്ങിയ മേഖലകളിൽ ജില്ലയുടെ സംഭാവന മികച്ചതാവുമ്പോഴും മറ്റ് കായിക മേഖലയിലുള്ള ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പ്രഭാകരൻ കമ്മീഷൻ വിഭാവനം ചെയ്ത ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കാനുള്ള ശ്രമം തുടങ്ങിയത്. വിവിധ കായിക മത്സരങ്ങൾക്കായി ഉപയോഗപ്പെടുത്തും വിധത്തിലാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം. ബാക്കിയുള്ള ചുരുങ്ങിയ നിർമാണപ്രവൃത്തികൾ പരമാവധി വേഗത്തിൽ തീർത്ത് കായികപ്രേമികൾക്കായി തുറന്ന് കൊടുക്കുമെന്ന് വികസന പാക്കേജ് ഓഫീസർ ഇ.പി. രാജ്‌മോഹൻ പറഞ്ഞു.
ഇൻഡോർ സ്റ്റേഡിയം കൊണ്ടുവന്നപ്പോൾ ആക്ഷേപിച്ചവർ ഈ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ മറുപടി പറയേണ്ടി വരും. സ്റ്റേഡിയത്തിലേക്ക് 45 ലക്ഷം ചെലവിൽ കോൺക്രീറ്റ് റോഡ് പണി ആരംഭിച്ചിരിക്കുന്നു. 5000 പേർക്കിരുന്നു കളികാണാനുള്ള സൗകര്യം സ്റ്റേഡിയത്തിനകത്തുണ്ട്. നിലവിൽ അമ്പതിൽപരം കുട്ടികൾക്ക് ഫുട്‌ബാൾ പരിശീലനം നൽകുന്നുണ്ട്. ഈ കുട്ടികൾക്ക് സ്റ്റേഡിയത്തിനകത്ത് പരീശീലനം നൽകാൻ കഴിയും. ഇനി വലിയ ഗ്രൗണ്ട് ഉണ്ടാക്കണം. അതും തത്വത്തിൽ സംസ്ഥാന സർക്കാർ അംഗീകരിച്ചതാണ്.
വി.വി രമേശൻ, നഗരസഭ മുൻ ചെയർമാൻ, വാർഡ് കൗൺസിലർ