തളിപ്പറമ്പ്: മദ്യലഹരിയിൽ വാഹനമോടിച്ചു എക്‌സൈസ് മന്ത്രിയുടെ കാറിലിടിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മന്ത്രി എം.വി ഗോവിന്ദൻ സഞ്ചരിച്ച കാറിലിടിച്ച പിക്കപ്പ് വാൻ ഡ്രൈവർ കാനൂൽ ഒഴക്രോം സ്വദേശി പി.എസ് രഞ്ജിത്തിനെ (45)യാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി വീടിന് സമീപം ഒരു പൊതുപരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മന്ത്രിയുടെ കാറിൽ രഞ്ജിത്ത് ഓടിച്ച പാചകവാതക ഏജൻസിയുടെ പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. ഇയാൾ അശ്രദ്ധമായാണ് വാഹനമോടിച്ചതെന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി.
മന്ത്രിയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വളപട്ടണം എസ്.ഐ ഗണേശന്റെ പരാതി പ്രകാരം രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയത്. തുടർന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം അറസ്റ്റു രേഖപ്പെടുത്തി. അപകടത്തിൽ സ്‌റ്റേറ്റ് കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് കണ്ണൂരിൽ ദേശീയപാതയിലെ ഡിവൈഡറിൽ നിയന്ത്രണംവിട്ട് കയറി
മന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടിരുന്നു.