കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനു നേരെ മദ്യക്കുപ്പിയേറ്. രണ്ട് മദ്യക്കുപ്പികൾ പൊലീസ് സ്റ്റേഷൻ വളപ്പിൽ വീണ് പൊട്ടിത്തെറിച്ചു. ഇന്നലെ പുലർച്ചെ 2.45 മണിയോടെയാണ് ആക്രമണമുണ്ടായത്. പെട്രോൾ ബോംബാണ് സ്റ്റേഷനു നേരെ എറിഞ്ഞതെന്ന സംശയത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തിയെങ്കിലും പിന്നീട് മദ്യകുപ്പി യാണ് എറിഞ്ഞതെന്ന് വ്യക്തമായി.

സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്ത് ഡിവൈ.എസ്.പി ഓഫീസിന്റെ സമീപം മതിലിനോട് ചേർന്നാണ് മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞത്. രണ്ട് മദ്യക്കുപ്പികളും ഡിവൈ.എസ്.പി ഓഫീസും കൺട്രോൾ റൂമും കടന്നു പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലായാണ് പൊട്ടിത്തെറിച്ചത്. ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.

ഇൻസ്പെക്ടർ കെ.പി ഷൈനിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നു. ആക്രമണം നടക്കുന്ന സമയത്ത് പാറാവുകാരനും ജി.ഡി ചാർജ്ജുള്ള സിവിൽ പൊലീസ് ഓഫീസറും മാത്രമേ സ്റ്രേഷനിൽ ഉണ്ടായിരുന്നുള്ളൂ. വിവരമറിഞ്ഞു നൈറ്റ് ഡ്യൂട്ടിയിൽ പുറത്തായിരുന്ന എസ്.ഐ മാധവന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കുതിച്ചെത്തി. പിന്നീട് കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പിടിയിലായ സംഘമാണോ സ്റ്റേഷനു നേരെ ആക്രമണം നടത്തിയതെന്നും സംശയിക്കുന്നു.