തൃക്കരിപ്പൂർ: പ്രകൃതിയെ തൊട്ടറിഞ്ഞ് തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ് പരിസ്ഥിതി ദിനത്തിൽ അഴിമുതൽ പൊഴിവരെ കടലോര യാത്ര നടത്തി. തൈക്കടപ്പുറം അഴിത്തലയിൽ കാസർകോട് എ.ഡി.എം എ.കെ. രമേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നെയ്തൽ ഡയറക്ടർ കെ. പ്രവീൺ കുമാർ പരിസ്ഥിതി ക്ലാസ് എടുത്തു. തുടർന്ന് എ.കെ. രമേന്ദ്രൻ, അനൂപ് കല്ലത്ത് എന്നിവരുടെ നേതൃത്വത്തിൽ നെയ്തൽ സംരക്ഷണയിലായിരുന്ന കടലാമക്കുഞ്ഞുങ്ങളെ കടലിലേക്കൊഴുക്കി. യാത്രാ വഴിയിൽ അജാനൂർ കടപ്പുറം ക്ഷേത്ര പരിസരത്തെ അപൂർവ്വ ഇനം സസ്യമായ ബയോബാബും സന്ദർശിച്ചു. പൊയ്യക്കര പൊഴിമുഖത്ത് ടി.സി.സി അംഗങ്ങൾ കണ്ടൽ ചെടികളും വെച്ചുപിടിപ്പിച്ചു. അശ്വിൻ പെരളം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാസർകോട് പെഡലേഴ്സ് പ്രസിഡന്റ് സുജേഷ്, രതീഷ് അമ്പലത്തറ, ശ്രീകാന്ത് എന്നിവർ മുഖ്യാതിഥികളായി. എം.വി സജിൻ സ്വാഗതവും അരുൺ ഫോട്ടോ ഫാസ്റ്റ് നന്ദിയും പറഞ്ഞു.