
₹ചില ഉദ്യോഗസ്ഥർ ബോധപൂർവം ഫയലുകൾ വൈകിപ്പിക്കുന്നു
ധർമ്മടം( കണ്ണൂർ) : കാലങ്ങളായി തുടർന്നു പോരുന്ന ചില ശീലങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാവാതെ വലിയ മോഹത്തോടെ ഉദ്യോഗസ്ഥർ നടന്നാൽ ഉള്ളതും പോകുന്ന സ്ഥിതിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില ഉദ്യോഗസ്ഥർ ബോധപൂർവ്വമായി ഫയലുകൾ വൈകിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. . ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജനങ്ങളെ സഹായിക്കുകയാണ് ഉദ്യോഗസ്ഥരുടെ കടമ. .കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കണം. സേവന നിഷേധത്തിനായി നിയമം ദുർവ്യാഖ്യാനം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. . ഉദ്യോഗസ്ഥർക്ക് പക്ഷപാതം വേണ്ടത് ജനങ്ങളോടാവണം. ആളുകളെ പ്രയാസം അനുഭവിപ്പിക്കാനാണോ ഓഫീസ് പ്രവർത്തിക്കേണ്ടതെന്ന് അവർ ചിന്തിക്കണം. എല്ലാ മേഖലകളും കൂടുതൽ ജനസൗഹൃദമാക്കും. ഒരു സേവനത്തിനും സർക്കാർ ഓഫീസുകളിലെത്തിയാൽ കാലതാമസം ഉണ്ടാകരുത്. സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ അതത് വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമയബന്ധിതമായി തീർപ്പാക്കും. വകുപ്പ് സെക്രട്ടറിമാരുടെ ചുമതലയിലാവും ഇത്. ജില്ലകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കാര്യം അതാത് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തീർപ്പാക്കും-മുഖ്യമന്ത്രി പറഞ്ഞു.