photi-1-
കണ്ണൂർ സി​റ്റി പൊലീസ് നടപ്പാക്കി വരുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വിദ്യാർത്ഥികൾ ശേഖരിച്ച മദ്യകുപ്പികൾ

വളപട്ടണം: കണ്ണൂർ സി​റ്റി പൊലീസ് നടപ്പാക്കി വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വളപട്ടണം പൊലീസ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം കെ.വി.സുമേഷ് എം.എൽ.എ നിർവ്വഹിച്ചു. എ.എസ്.പി ട്രെയിനി വിജയ് ഭരത് റഡ്ഡി വിശിഷ്ടാതിഥിയായി. ലഹരി വിരുദ്ധ റാലി നടത്തിക്കൊണ്ട് വിദ്യാർത്ഥികൾ ചിറക്കൽ റെയിൽവേ സ്​റ്റേഷൻ പരിസരത്ത് എത്തിച്ചേരുകയും വലിച്ചെറിയപ്പെട്ട ആയിരത്തോളം മദ്യകുപ്പികൾ ശേഖരിക്കുകയും ചെയ്തു.

കുപ്പികൾ കൊണ്ടൊരു ശിൽപം

ലഹരി വിരുദ്ധ ക്യാംപയിനിന്റെ രണ്ടാമത്തെ പ്രോഗ്രാം എട്ടിന് ഉച്ചക്ക് രണ്ടിന് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്‌കൂളിലും, മൂന്നാമത്തെ പ്രോഗ്രാം പത്തിന് ഉച്ചക്ക് രണ്ടിന് വളപട്ടണം ഹൈസ്‌കൂളിലും നാലാമത്തെ പ്രോഗ്രാം 10 ന് രാവിലെ 10.30 ന് അഴീക്കൽ ഫിഷറീസ് ഹൈസ്‌കൂളിലും സംഘടിപ്പിക്കും.ഏതാണ്ട് 25,000 പൊതു ഇടങ്ങളിൽ വലിച്ചെറിയപ്പെട്ട മദ്യ കുപ്പികൾ രണ്ടാഴ്ചക്കകം ശേഖരിച്ച് ചാൽ ബീച്ചിൽ 12 അടി ഉയരത്തിലുള്ള ശിൽപ്പം നിർമ്മിക്കും.

ശിൽപ്പ നിർമ്മാണത്തിനുള്ള മദ്യക്കുപ്പികൾ പ്രശസ്ത ശിൽപ്പി സരേന്ദ്രൻ കൂക്കാനം ഏ​റ്റുവാങ്ങി. പ്രിൻസിപ്പാൾ ഡോ.പ്രശാന്ത് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്സൺ അഡ്വ. സരള , ഇൻസ്‌പെക്ടർ ഓഫ് പൊലീസ് രാജേഷ് മാര്യങ്ങലത്ത് , എസ്.സി.പി.ഒ ഷൈജു മാച്ചാത്തി , ചിറക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. പ്രശാന്തൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ലഹരിവിരുദ്ധകാമ്പയിന്റെ രണ്ടാംഘട്ടം വളപട്ടണം സ്​റ്റേഷൻ ലിമി​റ്റിലെ മ​റ്റ് ആറ് ഹൈസ്‌കൂളുകളിലെ കുട്ടികളെ ഉപയോഗിച്ചും സംഘടിപ്പിക്കും.

രാജേഷ് മാര്യങ്ങലത്ത് , ഇൻസ്‌പെക്ടർ ഓഫ് പൊലീസ്, വളപട്ടണം