പയ്യന്നൂർ: നഗരസഭ കൗൺസിൽ യോഗങ്ങളിൽ മെമ്പർമാർ ഇനി മുതൽ ഖാദി വസ്ത്രങ്ങൾ ധരിച്ചായിരിക്കും പങ്കെടുക്കുക.
ഇത് സംബന്ധിച്ച് ചെയർപേഴ്സന്റെ അഭിപ്രായം കൗൺസിൽ അംഗീകരിക്കുകയും വരുന്ന യോഗം മുതൽ നിർദ്ദേശം നടപ്പിലാക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
ഖാദി മേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കുന്നത് ചെയർപേഴ്സൺ കെ.വി. ലളിത, കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
ലൈസൻസ് ഇല്ലാതെ വ്യാപാരം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ഇത് സംബന്ധിച്ച പരാമർശത്തിന് മറുപടി നൽകി. ആക്രി കച്ചവടക്കാർക്കും കെട്ടിട നമ്പർ പ്രകാരം കമേഴ്സ്യൽ ലൈസൻസ്സ് നിർബന്ധമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.
അന്യസംസ്ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന ഇടങ്ങളിൽ, ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലേറെ പേർ താമസിക്കുന്നതും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന് പരിഹാരം കാണുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. പെരുമ്പതോടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു.
6000 കുടിവെള്ള കണക്ഷൻ
കേന്ദ്ര സർക്കാർ അമൃത് 2.0 പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് ചെയർപേഴ്സന്റെ നേതൃത്വത്തിൽ ഒൻപത് അംഗ മേൽനോട്ട സമിതി രൂപീകരിക്കുവാൻ തീരുമാനിച്ചു. എല്ലാവർക്കും കുടിവെള്ളം എന്ന ലക്ഷ്യ പ്രാപ്തിക്കായി നഗരസഭയിൽ അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യ ഘട്ടത്തിൽ 6000 കുടിവെള്ള കണക്ഷൻ നൽകുന്നതിന് ഡി.പി.ആർ. തയ്യാറാക്കുന്നതിന് വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തിയതായി ചെയർപേഴ്സൺ പറഞ്ഞു. നഗരസഭയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റിയായിരിക്കും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങൾ മുൻഗണനാ അടിസ്ഥാനത്തിൽ തീരുമാനിക്കുക. പദ്ധതിക്കായി 23.21 കോടി രൂപയാണ് ആദ്യഘട്ടമായി അനുവദിച്ചിട്ടുള്ളത്. ഇതിൽ കേന്ദ്ര വിഹിതമായി 11.60 കോടി, സംസ്ഥാന വിഹിതം 8.70 കോടി, നഗരസഭ വിഹിതം 2.90 കോടി രൂപയുമാണ്.