thava

കണ്ണൂർ: രാത്രികാലങ്ങളിൽ കണ്ണൂർ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ രാത്രികാലം മാലിന്യം തള്ളുന്നത് പകർച്ചവ്യാധി ഭീതി പരത്തുന്നു. മഴക്കാലപൂർവ ശുചീകരണം കൃത്യമായി നടക്കാത്ത കണ്ണൂർ നഗരത്തിൽ മാലിന്യം തള്ളുന്നത് തുടരുന്നതോടെ സ്ഥിതികൂടുതൽ വഷളാക്കുമെന്ന് നഗരവാസികൾ പറയുന്നു.

ഹോട്ടലുകൾ, വിവാഹവീടുകൾ, ഫ്ളാറ്റുകൾ, ഓഡിറ്റോറിയങ്ങൾ, ഇറച്ചിക്കടകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് പ്ലാസ്റ്റിക് സഞ്ചികളിലാക്കി രാത്രി ഏറെ വൈകി വാഹനങ്ങളിലെത്തി തള്ളുന്നത്. കണ്ണൂർ താവക്കരയിലെ മിക്ക ചതുപ്പ് നിലങ്ങളിലും മാലിന്യം പരന്നിരിക്കുകയാണ്. നഗരത്തിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡുകളെപ്പോലും ഇവർ വെറുതെ വിടുന്നില്ല. ഇന്ത്യൻ ഓായിൽ കോർപറേഷൻ സംഭരണശാലയുടെ സമീപത്തുള്ള ഓട്ടോസ്റ്റാൻഡിന് സമീപം മാലിന്യം തള്ളിയതു കാരണം കടുത്ത ദുർഗന്ധം വമിക്കുന്നതിനാൽ ഇവിടെ ഇരിക്കാൻ കഴിയുന്നില്ലെന്ന് ഓട്ടോതൊഴിലാളികൾ പറയുന്നു. മാത്രമല്ല ഈ റോഡ് മഴയിൽ നടക്കാൻ പോലും കഴിയാത്ത വിധം ചെളിക്കുണ്ടായിട്ടുണ്ട്.

കൃത്യമായ മാലിന്യസംസ്‌കരണമില്ലാത്തതാണ് കോർപറേഷനിൽ മാലിന്യകൂമ്പാരം രൂപപ്പെടാൻ കാരണം. മഴയിൽ ഇതുകുത്തിയൊലിച്ചു റോഡിലേക്ക് പരന്നൊഴുകിയാൽ സ്ഥിതി വഷളാകുമെന്നാണ് നഗരവാസികൾ പറയുന്നത്. നേരത്തെ കോർപറേഷൻ മേയറുടെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ റെയ്ഡു നടത്തിയിരുന്നെങ്കിലും നിലവിൽ ഇത്തരം പ്രവർത്തനങ്ങളൊന്നുമില്ലാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നത്.

നെടുങ്കൻ പദ്ധതികൾ, എന്നിട്ടും

നെടുങ്കൻ പദ്ധതികൾ പലതും മാലിന്യ നിർമ്മാർജ്ജനത്തിനായി കോർപറേഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായൊന്നും നടപ്പിലാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നഗരത്തിലെ പലയിടങ്ങളിലും തുടർച്ചയായ മാലിന്യ നീക്കം നടക്കുന്നില്ല. മാലിന്യ കൂമ്പാരമായി ചീഞ്ഞുനാറാൻ തുടങ്ങിയാൽ മാത്രമാണ് കോർപറേഷൻ ശുചീകരണ തൊഴിലാളികൾ ഇതുനീക്കം ചെയ്യുന്നതിനെത്തുന്നത്.


മാലിന്യം തള്ളൽ കാരണം ഓട്ടോസ്റ്റാൻഡിൽ വണ്ടിവെച്ചു ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അത്രയേറെയാണ് ദുർഗന്ധവും കൊതുകുശല്യവും. രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കോർപറേഷൻ നടപടി സ്വീകരിക്കണം

എൻ. ലക്ഷ്മണൻ (സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ)