നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭയെ ബാധിക്കുന്ന വിഷയം സപ്ലിമെന്ററി അജണ്ടയിൽ വന്നത് നഗരസഭായോഗത്തെ സജീവമാക്കി. ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ദേശീയ പാത വിഷയം കൗൺസിലർമാർ സജീവമാക്കിയത്.

നീലേശ്വരം പാലം മുതൽ കരുവാച്ചേരി പൊലീസ് സ്റ്റേഷൻ വരെ ദേശീയപാത വരുന്നത് റോഡ് ഉയർത്തിയാണ് നിലവിലുള്ള പ്ലാനിലുള്ളത്. അങ്ങിനെയാണെങ്കിൽ രാജാ റോഡിലേക്ക് വാഹനം വരണമെങ്കിൽ ബൈപാസ് റോഡ് ആവശ്യമാണ്. രാജാ റോഡിലേക്ക് വാഹനം വരണമെങ്കിൽ ബൈപാസ് റോഡ്, എങ്ങിനെ വരുമെന്നതിനെ കുറിച്ച് ദേശീയ പാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് കൗൺസിലർമാരായ ഇ. ഷജീർ, ഹംസുദ്ദിൻ അറിഞ്ചിറ, പി. ഭാർഗ്ഗവി, റഫീക്ക് കോട്ടപ്പുറം ഉന്നയിക്കുകയുണ്ടായി. ഈ വിഷയം ദേശീയ പാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ പ്രത്യേകം കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.പി. രവീന്ദ്രൻ ചെയർപേഴ്സൺ ടി.വി.ശാന്ത എന്നിവർ മറുപടി പറഞ്ഞു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫിയും ഈ വിഷയം കാര്യമായി എടുക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി.

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മാർക്കറ്റ് റോഡിലെ കല്യാണമണ്ഡപം പൊളിച്ച് മാറ്റിയ വിഷയത്തിൽ സർക്കാറിന് 47,93,416 രൂപ അനുവദിച്ചിട്ടുണ്ടെന്നും കെട്ടിടം അന്നത്തെ പഞ്ചായത്ത് കെട്ടിയതാണെന്നും അതുകൊണ്ട് കെട്ടിടത്തിന്റെ വില നഗരസഭയ്ക്ക് തരേണ്ടതാണെന്നും ചെയർപേഴ്സൺ ടി.വി.ശാന്ത സൂചിപ്പിച്ചു.

മാലിന്യ പ്ലാന്റ്: പരിഹാരം കാണണം

ചിറപ്പുറം മാലിന്യ പ്ലാന്റ് അറ്റകുറ്റപ്പണിക്കായി പൊളിച്ചതിനാൽ ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യം സൂക്ഷിക്കാൻ പറ്റുന്നില്ലെന്നും മഴക്കാലം വരുന്നതിന് മുമ്പ് ഇതിന് പരിഹാരം കാണണമെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.പി ലത സൂചിപ്പിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് മാസമായി ഹരിത കർമ്മ സേന പ്രവർത്തകർ തൊഴിലില്ലാതെ കഴിയുകയാണെന്നും ലത പറഞ്ഞു. ചിറപ്പുറത്ത് പ്രവർത്തിക്കുന്ന നഗരസഭ മിനി സ്റ്റേഡിയത്തിൽ മാർഷ്യൽ ആർട്സ് അക്കാഡമി സ്ഥാപിക്കണമെന്നും നിലവിലുള്ള ഫുട്ബാൾ സ്റ്റേഡിയം നവീകരിക്കണമെന്നും നീലേശ്വരം നഗരസഭ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയം വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണൻ പിന്താങ്ങി. ചെയർപേഴ്സൺ ടി.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു.