തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണം, ഇന്നലെ നടന്ന ഭരണ സമിതി യോഗത്തെ അല്പസമയം പ്രക്ഷുബ്ധമാക്കി. തുടർന്ന് ഇടതുപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു.

ആശ്രയ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഗുരുതരമായ ആരോപണം ഉയർന്നിരുന്നത്. പാഥേയം പദ്ധതിയിലും സാമ്പത്തിക ക്രമക്കേട് നടത്തിയ വൈസ് പ്രസിഡന്റ് ഐ.എം ആനന്ദവല്ലി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹിഷ്കരണം. ആശ്രയ പദ്ധതിയിൽ രണ്ടുപേർക്കാണ് വീട് നിർമ്മാണത്തിന് തുക അനുവദിച്ചത്. നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വന്തം ഇഷ്ടക്കാരെ മാത്രം ഉൾപ്പെടുത്തി മെമ്പർ കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയുടെ തീരുമാനപ്രകാരമല്ലാതെ പാസായ തുക ബാങ്കിൽ നിന്നും പൂർണ്ണമായി പിൻവലിക്കുകയും മാസങ്ങളോളം ഒരു പ്രവൃത്തിയും ചെയ്യാതെ തുക കൈയിൽ വെച്ച് തിരിമറി നടത്തിയെന്നുമാണ് ആരോപണം.പാഥേയ പദ്ധതിയിൽ ഉൾപ്പെട്ട രണ്ടു പേർക്ക് മാത്രമാണ് ഭക്ഷണം നൽകിയത്.

പഞ്ചായത്തംഗങ്ങളായ കെ.വി കാർത്ത്യായനി, എൻ. സുധീഷ്, എം.കെ ഹാജി, കെ.വി രാധ, കെ.എൻ.വി ഭാർഗവി, എ.കെ സുധ എന്നിവരാണ് പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയത്. ഇതേവിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പഞ്ചായത്ത് കാര്യാലയത്തിലേക്ക് ഇടതുപക്ഷത്തിന്റെ മാർച്ച് നടന്നിരുന്നു.