കണ്ണൂർ: കോർപ്പറേഷൻ പ്രത്യേക കൗൺസിൽ യോഗത്തിൽ ഭരണ- പ്രതിപക്ഷ വാക്ക് തർക്കത്തെയും ബഹളത്തെയും തുടർന്ന് യോഗം പരിച്ചുവിട്ടു. ഇന്നലെ ചേർന്ന യോഗത്തിൽ നടപടി തുടങ്ങുന്നതിന് മുൻപ് താളിക്കാവ് വാർഡ് കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ കവാടത്തിലും യോഗ ഹാളിലും പ്ളക്കാർഡുമായി എത്തിയതാണ് തർക്കത്തിനിടയാക്കിയത്.
മേയറുടെ അഭാവത്തിൽ ഡെപ്യൂട്ടി മേയർ കെ. ഷബീനയുടെ അദ്ധ്യക്ഷതയിലാണ് യോഗ നടപടി ആരംഭിച്ചത്. ഇതേ സമയം താളിക്കാവ് ഡിവിഷനോടുള്ള അവഗണന അവസാനിപ്പിക്കുക, കുത്തിപ്പൊളിച്ച റോഡുകൾ സഞ്ചാര യോഗ്യമാക്കുക, പടന്നത്തോടിലുള്ള ചെളി കോരി വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ പ്ലക്കാർഡുമായി മേയറുടെ ചേമ്പറിന് താഴെ കുത്തിയിരിക്കുകയായിരുന്നു.
എൽ.ഡി.എഫ് കൗൺസിലർ അഡ്വ. പി.കെ. അൻവർ പ്രതിഷേധം അറിയിച്ചു. ഡയസിനടുത്ത് നിന്നും കൗൺസിലർ മാറി സീറ്റിലിരിക്കണമെന്ന് ഡെപ്യൂട്ടി മേയർ ആവശ്യപ്പെട്ടുവെങ്കിലും ചിത്തിര തയ്യാറായില്ല. തുടർന്ന് ഹാളിൽ പ്ലക്കാർഡുമായി ഇരിക്കാൻ പാടില്ലെന്നും ഇങ്ങനെ യോഗം നടത്താൻ പാടില്ലെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷ് പറഞ്ഞു.
യോഗ അദ്ധ്യക്ഷയെ അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ ആ മെമ്പറെ ഒരു ദിവസത്തേക്ക് സഭാ നടപടികളിൽ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് യു.ഡി.എഫ് കൗൺസിലർ അഡ്വ. പി. ഇന്ദിര പറഞ്ഞു. അദ്ധ്യക്ഷയുടെ ഉത്തരവ് അനുസരിക്കാതായതോടെ ഇന്നലത്തെ യോഗം നിർത്തിവയ്ക്കുന്നതായും യോഗം ഇന്ന് 9.30ന് വീണ്ടും ചേരുമെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു.
ഇതിനു ശേഷം പ്ലക്കാർഡ് പിടിച്ച കൗൺസിലർക്കെതിരെ ഭരണപക്ഷത്തുള്ളവർ കൂവിയത് പിന്നീടും ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമായി. തങ്ങൾക്ക് സംസാരിക്കാൻ മൈക്ക് അനുവദിച്ചില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർ ടി. രവീന്ദ്രൻ പറഞ്ഞു. കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടും വിവിധ സെക്ഷനിൽ നിന്നും ലഭിച്ച വിശദീകരണ പത്രികയേയും കുറിച്ച് ചർച്ച ചെയ്യാനാണ് ഇന്നലെ പ്രത്യേക യോഗം വിളിച്ചത്.
ഡിവിഷനിലെ പരാതികളിൽ പരിഹാരമുണ്ടാക്കാൻ നിരവധി തവണ മേയറോട് ആവശ്യപ്പെട്ടു. മേയർ ഒരു പരിഗണനയും നൽകിയില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ പ്രതിഷേധിച്ചത്.
അഡ്വ. ചിത്തിര ശശിധരൻ, എൽ.ഡി.എഫ് കൗൺസിലർ
മഞ്ചപ്പാലത്ത് മലിനജല പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണം തുടങ്ങിയിരുന്നു. ഇവിടേക്ക് കാനത്തൂർ, താളിക്കാവ് വാർഡുകളിൽ കുഴിയെടുത്ത് പൈപ്പിടുന്ന പ്രവൃത്തി പുരോഗമിച്ച് വരികയാണ്. മേയ് മാസം കനത്ത മഴയെ തുടർന്നാണ് പ്രവൃത്തി തടസ്സപ്പെട്ടത്. പ്രത്യേക കൗൺസിൽ ആണ് ഇതെന്നും മറ്റ് കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞിട്ടും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.
ഡെപ്യൂട്ടി മേയർ, കെ. ഷബീന
പ്രതിഷേധം പുറത്തും
അഡ്വ. ചിത്തിര ശശിധരന്റെ പ്രതിഷേധത്തെ തുടർന്ന് കോർപ്പറേഷൻ യോഗം പിരിച്ചുവിട്ടതിനെ തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിന് പുറത്തും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും മേയർ ഇക്കാര്യത്തിൽ നടപടിയെടുത്തില്ലെന്ന് എൻ. സുകന്യ പറഞ്ഞു. മേയറുടെ അഭാവത്തിൽ ഇങ്ങനൊരു കൗൺസിൽ യോഗത്തിന്റെ ആവശ്യമില്ലെന്നും എൽ.ഡി.എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.