naac

കണ്ണൂർ: മൂന്നാം ഘട്ട അക്രഡി​റ്റേഷന്റെ ഭാഗമായി കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ നാക് അക്രഡി​റ്റേഷൻ സന്ദർശനം ഒൻപതിനും പത്തിനും നടക്കും. മദ്ധ്യപ്രദേശിലെ ദേവി അഹല്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.രേണു ജെയിൻ ചെയർ പേഴ്‌സണും ഭാരതീയാർ സർവ്വകലാശാല പ്രൊഫസറുമായ ബാലഗുരുസ്വാമി വനിത, അമൃത്‌സർ ഡി.എ.വി വനിതാ കോളേജ് പ്രിൻസിപ്പാൾ ഡോ. പുഷ്പീന്ദർ വാലിയ എന്നിവർ അംഗങ്ങളായ സംഘമാണ് ഗ്രേഡിംഗിനായി കോളേജ് സന്ദർശിക്കുന്നത്. നിലവിൽ എ ഗ്രേഡ് ലഭിച്ചിട്ടുള്ള കോളേജിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ അക്കാഡമിക്,​ അക്കാഡമിക് ഇതര മികവ് വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ഉദ്ദേശം.

1975 ൽ ആരംഭിച്ച കോളേജിൽ എട്ട് ബിരുദ കോഴ്‌സുകളും മൂന്ന് ബിരുദാനന്തര ബിരുദ കോഴ്‌സുകളുമാണുള്ളത്. ആയിരത്തോളം വിദ്യാർത്ഥിനികളാണ് കോളേജിലുള്ളത്. 2020-21 ൽ ലഭിച്ച ന്യൂജനറേഷൻ രസതന്ത്റ ബിരുദാനന്തര ബിരുദ കോഴ്‌സ്, എം.എൽ.എ കെ.വി.സുമേഷിന്റെ ഫണ്ടിൽ നിന്ന് ലഭിച്ച 30 ലക്ഷത്തിന്റെ ഫണ്ടുപയോഗിച്ച് നടപ്പാക്കിയ ലൈബ്രറി നവീകരണം, സംസ്ഥാന ബജ​റ്റിൽ അനുവദിച്ച സിന്ത​റ്റിക് ട്രാക്കിനായുള്ള അഞ്ച് കോടി, പണി പൂർത്തിയാക്കിയ ഓഡി​റ്റോറിയം, ഇന്റോർ സ്​റ്റേഡിയം തുടങ്ങിയ വികസന പദ്ധതികൾ കോളേജിൽ നടപ്പാക്കിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സി.പി. സന്തോഷ്, ഐ.ക്യു.എസി കോഡിനേ​റ്റർ ഡോ. ഗിരീഷ് വിഷ്ണു നമ്പൂതിരി, ഡോ. ഒ.എസ്. ഫ്രാൻസിസ്, ഡോ. കെ. ഷാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.