akramam

കണ്ണൂർ: ക്ഷേത്രത്തിൽ കയറി ജീവനക്കാരനെ അക്രമിച്ച സംഭവത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ. കിഴുത്തള്ളി സ്വദേശികളായ ടി.കെ .മനോജ്(53), ടി.കെ.പ്രജിൽ(31), തോട്ടട സ്വദേശി ടി. സുകേഷ്(46) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്​റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ടോടെ കിഴുത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര കൗണ്ടർ ക്ലർക്കായ പെരളശേരി സ്വദേശി വി.ഷിബിനെ(24)യാണ് സംഘം ചേർന്ന് മർദ്ദിച്ചത്.

ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഷിബിന്റെ പരാതിയിൽ ഏഴുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തടയാൻ ശ്രമിച്ച ക്ഷേത്രം സെക്രട്ടറിയെയും വനിതാ ജീവനക്കാരിയെയും ആക്രമിച്ചിരുന്നു. പരിക്കേ​റ്റ ഷിബിൻ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. കൗണ്ടർ തള്ളിത്തുറന്ന് അകത്തുകയറിയ സംഘം ഷിബിനെ വലിച്ചിഴച്ച് പുറത്തെത്തിശേഷം ആക്രമിക്കുകയായിരുന്നു. ഡി.വൈ.എഫ്‌.ഐ പെരളശേരി അമ്പലനട യൂണി​റ്റ് സെക്രട്ടറിയാണ് ഷിബിൻ.

പരിക്കേ​റ്റ ഷിബിനെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, എടക്കാട് ഏരിയാ സെക്രട്ടറി എം.കെ.മുരളി, ജില്ലാ കമ്മി​റ്റിയംഗം എം.ഷാജർ തുടങ്ങിയവർ സന്ദർശിച്ചു. അക്രമത്തിൽ മലബാർ ദേവസ്വം എപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പ്രതിഷേധിച്ചു.