പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എം. വിജിൻ എം.എൽ.എ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന കിഫ്ബി, പൊതു മരാമത്ത് പ്രവൃത്തികളുടെ അവലോകനം എം. വിജിൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കോൺഫറൻസ് ഹാളിൽ നടന്നു. കെട്ടിടത്തിന്റെ പുറത്തേയും അകത്തുമുള്ള പെയിന്റിംഗ്, വാർഡ് നവീകരണം, ശുചീകരണ മുറി നവീകരണം, ഇലക്ട്രിക്കൽ പ്രവൃത്തികൾ, അഗ്നിശമന സുരക്ഷാ സംവിധാനങ്ങളുടെ നവീകരണം, മെഡിക്കൽ കോളേജ് കോംപൗണ്ടിലെ റോഡുകളുടെ നവീകരണം, നിരീക്ഷണ ക്യാമറ സ്ഥാപിക്കൽ, ശീതീകരണ സംവിധാനം നവീകരിക്കൽ, നിലവിലുള്ള 6 ലിഫ്റ്റുകളുടെ നവീകരണവും പുതു തായി നാല് ലിഫ്റ്റുകൾ സ്ഥാപിക്കലും, നിലവിലുള്ളതിന് പുറമേ 500 കെ.വിയുടെ പുതിയ രണ്ട് ജനറേറ്ററുകൾ സ്ഥാപിക്കൽ, ആശുപത്രി കെട്ടിടത്തിന്റെ റൂഫിംഗ് നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് നടന്നുവരുന്നത്.
ഇതിനായി സംസ്ഥാന സർക്കാർ 35.52 കോടി രൂപയാണ് അനുവദിച്ചത്. ഏഴാം നിലയിൽ പ്രവൃത്തിക്കായി വിട്ടു നൽകിയ വാർഡുകളുടെ നവീകരണ അറ്റകുറ്റപ്പണികൾ ഒരുമാസത്തിനകം പൂർത്തീകരിക്കണമെന്ന് യോഗത്തിൽ എം.എൽ.എ, കിഫ്ബി പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 88.4 കോടി ചെലവിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന അത്യാധുനിക അത്യാഹിത വിഭാഗത്തിന്റെ ആദ്യഘട്ട പ്രവൃത്തി ആരംഭിക്കുന്നതിനായുള്ള സാങ്കേതിക അംഗീകാരം കിഫ്ബിയിൽ നിന്നും എത്രയും വേഗം ലഭിക്കുന്നതിനായി ഇടപെടൽ നടത്തുന്നതിനും തീരുമാനിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വിമൽ റോഹൻ, ആർ.എം.ഒ ഡോ. സരിൻ എസ്.എം, പൊതു മാരാമത്ത് വിഭാഗത്തിലെ സീനിയർ ഉദ്യോഗസ്ഥരായ സവിത സി, വിനോദ് കുമാർ കെ, പ്രസാദ് എം, മെഡിക്കൽ കോളേജ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി കെ. വിനോദ്, വാപ്‌കോസ് പ്രതിനിധികളായ കെ. രഘുനാഥൻ, അൻകേഷ് ബക്ഷി, കെ.എച്ച്.ഷാജി, കെ. അബ്ദുൾ റസാഖ്, കരാർ ചുമതല ഏറ്റെടുത്ത എച്ച്.എസ്.ഒ.ബി സീനിയർ വൈസ് പ്രസിഡന്റ് അപരേഷ് ബാനർജി , പ്രൊജക്ട് മാനേജർ ആർ രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം, പ്രവൃത്തി നടക്കുന്ന ആശുപത്രി കെട്ടിടത്തിലെ വിവിധയിടങ്ങൾ എം.എൽ.എ സന്ദർശിച്ചു.