photo
സുനാമി ഇരകൾ താമസിക്കുന്ന ഫ്ളാറ്റുകൾ

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടി, പുതിയവളപ്പ്, ചൂട്ടാട്, ബീച്ച് റോഡ് എന്നിവിടങ്ങളിലെ സുനാമി ഇരകളായ കുടുംബങ്ങൾക്ക് ചൂട്ടാട് ഏരിപ്രത്ത് നിർമ്മിച്ചു നല്കിയ ഫ്ളാറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ താമസക്കാർ വീർപ്പുമുട്ടുന്നു. മൂന്ന് നിലകളിലായി പണിത ഫ്ലാറ്റിൽ 40 കുടുംബങ്ങൾക്കാണ് താമസ സൗകര്യം ഒരുക്കിയത്. ദുരിതകാലമായിരുന്നതിനാൽ ഫ്ലാറ്റ് ലഭിച്ചപ്പോൾ തന്നെ ഇവർ താമസം തുടങ്ങി.

പതിയെ ഫ്ലാറ്റിലെ ജീവിതം അസൗകര്യങ്ങൾ മൂലം ദുരിതപൂർണമായി. ഇതുമൂലം ഫ്ലാറ്റ് ലഭിച്ച പലരും ഇവിടം വിട്ടു പോയി. ചിലർ ഫ്ലാറ്റ് അധികൃതരുടെ കണ്ണ് വെട്ടിച്ച് വാടകയ്ക്ക് നൽകുകയും ചെയ്തു. ഇങ്ങനെ വാടകയ്ക്കു താമസിക്കുന്നവർ തോന്നും പോലെയാണ് വരുന്നതും പോകുന്നതും. ഇതും സ്ഥിരം താമസക്കാർക്ക് ദുരിതമായി. ഫ്ലാറ്റിലെ മാലിന്യം സംസ്കരിക്കാൻ സംവിധാനം ഇല്ല. അതുകൊണ്ട് തന്നെ പകർച്ച വ്യാധി ഭീഷണി നേരിടുകയാണിവർ.

കിണർ ഇല്ലാത്തത് കാരണം ഭക്ഷണം പാകം ചെയ്യാനും അലക്കാനും കുളിക്കാനും വരെ പ്രയാസമാണ്. ഫ്ലാറ്റ് നൽകിയതിന് ശേഷം അധികൃതരും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല. അറ്റകുറ്റപ്പണികൾ ഒന്നും നടത്താത്ത തിനാൽ ഫ്ലാറ്റിന്റെ പലഭാഗത്തും വിള്ളലുണ്ട്. സൺഷേഡ് ഭാഗങ്ങൾ പലതും പൊട്ടി താഴെ വീഴാൻ തുടങ്ങി. ഒരു പൊതുകിണർ ഇവിടെ ആവശ്യം ഉണ്ട്. റോഡ് ഇല്ലാത്തതിനാൽ വാഹനങ്ങൾ ഇവിടേക്ക് വരാൻ മടിക്കുന്നു. പൈപ്പ് വഴിയുള്ള വെള്ളമാണ് ഏക ആശ്രയം. അതു നിലച്ചാൽ കുടിവെള്ള പ്രശ്നവും.

നിന്നുതിരിയാൻ ഇടമില്ല

ഇവിടെ താമസിക്കുന്നവരിൽ ഏറെയും മത്സ്യത്തൊഴിലാളികളാണ്. ഇവർക്ക് വരുമാനം കുറഞ്ഞതും പ്രശ്നമാണ്. നിന്ന് തിരിയാൻ ഇടമില്ലാത്ത മുറികളും അടുക്കളയും വരാന്തയും ഒരു കുളിമുറിയും ഉള്ള ഫ്‌ളാറ്റിൽ രണ്ട് കുടുംബങ്ങൾ വരെ താമസിക്കുന്നു. അടുക്കളയിൽ അടുപ്പില്ല. ഗ്യാസ് സിലിണ്ടർ കാലിയായാൽ പിന്നീടു പുറത്ത് അടുപ്പ് കൂട്ടിയാണ് പാചകം. മഴ ഉണ്ടായാൽ അതിനും സാധിക്കില്ല. കൂടാതെ വീട്ടിലുള്ള കുട്ടികൾക്ക് പുറത്തിറങ്ങി കളിക്കാൻ പോലുമാകില്ല.