മാഹി: പന്തക്കൽ കേന്ദ്രീകരിച്ച് പെട്രോൾ -ഡീസൽ എന്നിവയുടെ കള്ളക്കടത്ത് വ്യാപകമാകുന്നതായി പരാതി. ഇന്ധനവില കേരളത്തെ അപേക്ഷിച്ച് ലിറ്ററിന് പത്ത് രൂപയിലധികം വ്യത്യാസം വന്നതോടെയാണ് കടത്ത് വ്യാപകമായത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ മത്സ്യബന്ധന തുറമുഖങ്ങളിലേക്കും മലയോര മേഖലകളിലെ ചെങ്കൽ ക്വാറികൾ എന്നിവിടങ്ങളിലേക്കുമാണ് പ്രധാനമായും ഇന്ധനം കടത്തുന്നത്.
മുമ്പ് ചെറിയ കന്നാസുകളിലും വീപ്പകളിലും കടത്തിയിരുന്നത് ഇപ്പോൾ പ്രത്യേകം സജ്ജമാക്കിയ ടാങ്കർ ലോറികളിലാണ് കടത്തുന്നത്. പെട്രോളിയം ഉൽപന്നങ്ങൾ കടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നിരിക്കെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുന്നതായി ആക്ഷേപമുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലാഭം കൊയ്യാമെന്നതിനാൽ ഒരു മാഫിയാ സംഘം തന്നെ ഇതിന് പിന്നിൽ തഴച്ച് വളരുന്നുണ്ടത്രെ.