കണ്ണൂർ: പയ്യാമ്പലത്ത് വീട്ടമ്മയെ പശുകുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമസ്ഥനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം പയ്യാമ്പലം ബീച്ച് സന്ദർശിക്കാനെത്തിയ മുഴപ്പിലങ്ങാട് സ്വദേശിനി സ്വപ്നാ വിനോദിനാണ് കുത്തേറ്റത്. വീട്ടമ്മയുടെ കാലിന്റെ എല്ലുപൊട്ടിയിരുന്നു. പൊതുസ്ഥലങ്ങളിൽ പശുവിനെ അഴിച്ചുവിട്ടതിനും അക്രമം നടത്തിയ പശുവിനെ പിടിച്ചുകെട്ടാത്തതിനുമാണ് കേസെടുത്തത്. രണ്ടുദിവസം പശു പയ്യാമ്പലം ബീച്ച് പരിസരത്ത് അക്രമം നടത്തിയിട്ടും പശുവിനെ പിടിച്ചുകെട്ടാൻ ഉടമസ്ഥൻ തയ്യാറായിരുന്നില്ല. തുടർന്ന് കോർപറേഷൻ ജീവനക്കാരെത്തിയാണ് അക്രമം നടത്തിയ പശുവിനെ ഇവിടെ നിന്നും മാറ്റിയത്. പശുവിന്റെ കുത്തേറ്റു പരുക്കേറ്റ വീട്ടമ്മയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു. പശുവിന്റെ ഉടമയ്ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.