കണ്ണൂർ: ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയിൽ അമിതഭാരം കയറ്റിവരുന്ന ലോറികൾ അതിർത്തി കടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട പരിശോധനയിൽ ഏഴ് ലോറികൾ പിടികൂടി. വളപട്ടണത്തും, കൂത്തുപറമ്പിലും നടത്തിയ വിജിലൻസ് സംഘത്തിന്റെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വാഹന പെർമിറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ അമിത ലോഡ് കയറ്റി തൂക്കം അറിയിക്കുവാനുള്ള ടോക്കൺ ചെക്ക് പോസ്റ്റുകളിൽ നിന്ന് വാങ്ങി തിരിച്ചുവരവെ തൂക്കം അളവ് നൽകുന്നതിന് പകരം വ്യാജ തുണ്ടുകൾ കൈമാറുന്നതായാണ് പരിശോധനയിലൂടെ കണ്ടെത്തിയത്.
ഇത്തരത്തിൽ ഉദ്യോഗസ്ഥർക്ക് പണം നൽകി കടന്നു പോയ ഏഴ് ലോറികളെയാണ് വിജിലൻസ് സംഘം പിടികൂടിയത്. വളപട്ടണത്ത് വിജിലൻസ് പൊലീസ് ഇൻസ്‌പെക്ടർ ഷാജി പട്ടേരിയുടെയും കൂത്തുപറമ്പിൽ ഇൻസ്‌പെക്ടർ കെ.വി പ്രമോദിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഓരോ പത്ത് കിലോമീറ്ററിലുള്ളിലും തൂക്കം മെഷീൻ ഉണ്ടെന്നിരിക്കെ വാഹനതൂക്കം നടത്താതെ ആർ.ടി.ഒ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം ക്രമക്കേടുകൾക്കെതിരെ വിജിലൻസ് സംഘം റിപ്പോർട്ട് കൈമാറും. അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റി പോകുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതും റോഡ് സുരക്ഷാ ക്രമീകരണങ്ങൾ അവഗണിച്ച് സർവീസ് നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്.